
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ നവകേരള സദസ് 22ന് നെയ്യാറ്റിൻകര ടി.ബി ജംഗ്ഷന് സമീപത്തെ ഡോ.ജി.രാമചന്ദ്രൻ സ്റ്റേഡിയത്തിൽ നടക്കും.വൈകിട്ട് 4.30ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തിച്ചേരും.7000 പേർക്ക് ഇരിക്കാനുളള സൗകര്യമാണ് സ്റ്റേഡിയത്തിലൊരുക്കിയിട്ടുളളത്.പരാതികൾ സ്വീകരിക്കുന്നതിനായി 20 കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. നെയ്യാറ്റിൻകര, പാറശ്ശാല, കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലായി ഒറ്റ ദിവസമാണ് സദസ് സംഘടിപ്പിച്ചിട്ടുളളത്. നെയ്യാറ്റിൻകരയിൽ സദസ്സിനോടനുബന്ധിച്ച് ഫ്ളാഷ് മോബ് കാമ്പയിന് തുടക്കമായി. കുളത്തൂർ ഗവ. കോളജിൽ നടന്ന ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ കാമ്പെയിൻ ഉദ്ഘാടനം ചെയ്തു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻ ഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ മഞ്ജു രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്. പ്രേം, പി.എസ് മേഘവർണ്ണൻ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ വാർഡുകളിലും പെരുമ്പഴുതൂർ നഴ്സിംഗ് കോളജ്, ഗവ. പോളിടെക്നിക്, നിംസ് കോളജ്, സരസ്വതി കോളജ് മുതലായവിടങ്ങളിലെ ടീമുകളും ഫ്ളാഷ് മോബുകൾ സംഘടിപ്പിക്കുമെന്നും സദസ് നടക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും കെ. ആൻസലൻ എം.എൽ.എ വ്യക്തമാക്കി.