നെടുമങ്ങാട് : അഗതികളും ആലംബഹീനരുമായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വിനോബ ഭാവെയുടെ ആത്മീയപുത്രി മടങ്ങി, വിളികേൾക്കാത്ത ലോകത്തേക്ക്. അമ്മ ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ മലയടി വിനോബ നികേതനിലെ അന്തേവാസികൾക്ക് സാധിക്കുന്നില്ല. ആചാര്യ വിനോബ ഭാവെ നട്ട മാവിന്റെ തണലിൽ അമ്മയുടെ ചിതയെരിയുമ്പോൾ കണ്ണീരോടെ ഗീതാവാക്യങ്ങൾ ഉരുവിട്ടു നിൽക്കുകയായിരുന്നു അവർ.
വൃശ്ചികത്തിലെ തൃക്കാർത്തിക നാളിലാണ് വിനോബ നികേതൻ സ്ഥാപക എ.കെ. രാജമ്മയുടെ ജനനം. പരേതയായ ജസ്റ്റിസ് ഫാത്തിമ ബീവിയോടൊപ്പം നിയമപഠനം നടത്തുന്ന കാലത്താണ് എല്ലാ എതിർപ്പുകളെയും അവഗണിച്ച് മധുരയിലെ സേവാഗ്രാമിലും അവിടെ നിന്ന് ഗാന്ധിയുടെ പൗത്ര വധുവായ സരസ്വതി ഗാന്ധിക്കൊപ്പം വാർധയിലെ സേവാഗ്രാമിലുമെത്തിയത്.1948-കാലഘട്ടത്തിലായിരുന്നു ചരിത്രത്തിൽ ഇടംപിടിച്ച വിപ്ലവകരമായ തീരുമാനം.
കടാക്ഷം സിദ്ധിച്ച സന്യാസിനി
ഈശ്വരനിലും ഗുരുവിലും സമർപ്പിച്ച ധ്യാനനിമഗ്നയായ അമ്മ. ശ്രീനാരായണ ഗുരുദേവ ഭക്തനും സംസ്കൃത പണ്ഡിതനുമായിരുന്ന നെയ്യാറ്റിൻകര ആലിൻമൂട്ടിൽ അയ്യപ്പൻ വൈദ്യരുടെയും കല്യാണി അമ്മയുടെയും ഏഴു മക്കളിൽ നാലാമത്തെയാളാണ്.1924 -ൽ ശ്രീനാരായണ ഗുരുദേവന് വിശ്രമിക്കാൻ അയ്യപ്പൻ വൈദ്യരുടെ വീട്ടിൽ നിന്ന് ചൂരൽക്കട്ടിൽ വർക്കലയിൽ എത്തിച്ചതായി ബന്ധുക്കൾ ഓർക്കുന്നു. തനിക്ക് വിശ്രമിക്കാനുള്ള കട്ടിൽ വൈദ്യരുടെ വീട്ടിൽ ഉണ്ടെന്നുകണ്ട് ഗുരുദേവൻ ആളെ വിടുകയായിരുന്നു. ഈ സമയം വീട്ടിൽ രാജമ്മയെ പ്രസവിച്ചു കിടക്കുകയായിരുന്നു കല്യാണിയമ്മ. കട്ടിൽ കരമന നദിയിൽ കഴുകിയ ശേഷം വർക്കലയിലേക്ക് ചുമന്ന് കൊണ്ടുപോവുകയായിരുന്നു. ഗാന്ധിയുടെ നെയ്യാറ്റിൻകര സന്ദർശനവേളയിൽ രാജമ്മയ്ക്ക് ഒമ്പത് വയസ്. അച്ഛന്റെ തോളത്തിരുന്ന് ഗാന്ധിജിയെ കണ്ടതുമുതൽ സന്നദ്ധ, സേവന രംഗങ്ങളിൽ ആകൃഷ്ടയായി. സേവാഗ്രാം സന്ദർശനത്തിന് ശേഷമാണ് ആചാര്യ വിനോബ ഭാവെയുടെ ആശ്രമത്തിലെത്തി ഭൂദാന യജ്ഞത്തിൽ ഭാവെയോടൊപ്പം രാജ്യത്തുടനീളം കാൽനടയായി സഞ്ചരിച്ചത്. ആചാര്യയുടെ അഞ്ഞൂറിലധികം പ്രസംഗങ്ങൾ തർജ്ജമ ചെയ്തു.യാത്രയ്‌ക്കൊടുവിൽ ഹിമാലയത്തിലെത്തി കാഷായവേഷം ധരിച്ച് സന്യാസിനിയായി.