
ചിറയിൻകീഴ്: ശാർക്കര മൈതാനത്ത് നടത്താനിരുന്ന നവകേരള സദസിന്റെ ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പൊതുയോഗം തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിലേക്ക് മാറ്റിയതായി വി.ശശി എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചു. നവകേരള സദസ് ശാർക്കരയിൽ നടത്തുന്നതിനെതിരെ ബി.ജെ.പി പ്രാദേശിക നേതൃത്വം ഹൈക്കോടതിയിൽ ഹർജി നൽകിയ സാഹചര്യത്തിലാണ് വേദി മാറ്റിയത്. 21ന് രാവിലെ 11നാണ് ശാർക്കര മൈതാനത്ത് പരിപാടി നടത്താനിരുന്നത്. പതിറ്റാണ്ടുകളായി ചിറയിൻകീഴിന്റെ സാംസ്കാരിക കേന്ദ്രമായി പ്രവർത്തിക്കുന്ന ഇടമാണ് ശാർക്കര മൈതാനം. ശാർക്കര മൈതാനം സാംസ്കാരിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കാതെവരുന്ന വിധിയുണ്ടായാൽ അത് നാടിന് ശാപമായിമാറുമെന്ന് നവകേരള സദസ് സ്പോൺസർഷിപ്പ് ചെയർമാൻ ആർ.സുഭാഷ് പറഞ്ഞു. നവകേരള സദസ് പബ്ലിസിറ്റി ചെയർമാൻ മനോജ് ബി.ഇടമന പങ്കെടുത്തു.