
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ തത്വദർശനം സർവ്വധർമ്മ സമഭാവനയാണെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. 91-ാമത് ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് ശിവഗിരിയിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു. ഗുരുദേവൻ ഒരു മതത്തേയും ദർശനത്തേയും നിഷേധിച്ചില്ല. ഒരു മതത്തിന്റേയും വക്താവാകാതെ എല്ലാ മതങ്ങളേയും ഉൾക്കൊണ്ട് ഗുരുദേവൻ ആലുവയിൽ സർവ്വമത സമ്മേളനം നടത്തി. ഇത് ലോകത്തിലെ പ്രഥമ സർവ്വമതസമ്മേളനമെന്ന് പറയാം. അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന സമ്മേളനം ഒരാദർശത്തിന്റെ പേരിൽ നടന്നതല്ല. ഗുരുദേവനാകട്ടെ, സമ്മേളനാനന്തരം സർവ്വമതസിദ്ധാന്തങ്ങളും സർവ്വരും സമബുദ്ധിയോടും കൂടി പഠിക്കാൻ ഒരു മതമഹാപാഠശാല സ്ഥാപിച്ചു. ആ സർവ്വമതമഹാപാഠശാല സ്ഥാപിച്ചതിന് ശേഷം ലോകരെല്ലാം ഒന്ന് അതാണ് നമ്മുടെ മതം എന്നും ഗുരു ഉപദേശിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അസംഗാനന്ദ ഗിരി, സ്വാമി സുരേശ്വരാനന്ദ, അനിൽ തടാലിൽ, പുത്തൂർ ശോഭനൻ എന്നിവർ പ്രസംഗിച്ചു. രാവിലെ മഹാസമാധിയിൽ നടന്ന തിരുഅവതാര മുഹൂർത്ത പ്രാർത്ഥനയിലും പൂജയിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.