ശ്രീകാര്യം: 91ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ വിപുലമായ ഒരുക്കങ്ങൾ. ഇന്നലെ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഗുരുകുലത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്ത അവലോകന യാേഗം നടന്നു. 30, 31,​ജനുവരി ഒന്ന് തീയതികളിലെ തീർത്ഥാടനത്തിൽ പൂർണമായും ഹരിതചട്ടം പാലിക്കും.

തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. ചെമ്പഴന്തിയിലേക്കുള്ള പ്രധാന റോഡുകളായ ശ്രീകാര്യം,ചേങ്കോട്ടുകോണം,കാര്യവട്ടം,കാട്ടായിക്കോണം,മണ്ണന്തല, പോത്തൻകോട്,കഴക്കൂട്ടം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം സുഗമമാക്കും. തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘവും ആംബുലൻസ് സൗകര്യവുമുണ്ടാകും. പ്രദേശത്തെ ശുചീകരണം നഗരസഭയുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു.

തീർത്ഥാടകരെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ചെമ്പഴന്തി എസ്.എൻ കോളേജ് ഗ്രൗണ്ടിലും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ വികസന ഫോട്ടോ പ്രദർശനം, പ്രസിദ്ധീകരണങ്ങളുടെ സൗജന്യ വിതരണം തുടങ്ങിയവ ഉണ്ടാകും. യോഗത്തിൽ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കൗൺസിൽ അദ്ധ്യക്ഷൻ മേടയിൽ വിക്രമൻ,കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ,ഡി.രമേശൻ,ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.