arrest

ചാരുംമൂട് : ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന രണ്ടംഗസംഘത്തെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം പള്ളിക്കൽ വാറുതുണ്ടിൽ ലിൻസൺ ബെറ്റി (27), അടൂർ പെരിങ്ങനാട് ലൗ ലാൻഡ് വില്ലയിൽ അമൽ ബേബി (26) എന്നിവരാണ് പിടിയിലായത്. ഡിസംബർ 12ന് വൈകിട്ട് ഏഴുമണിക്കാണ് കേസിനാസ്പദമായ സംഭവം.

വെണ്മണി സ്വദേശിയായ യോഹന്നാൻ മഴക്കോട്ട് വാങ്ങിക്കുന്നതിനായി തന്റെ മൊബൈൽ ഫോണുകൾ സ്‌കൂട്ടറിന്റെ ബോക്‌സിൽ വെച്ചശേഷം നൂറനാട്ടുള്ള ഒരു കടയിൽ കയറി. ഇത് ദൂരെ നിന്ന് നിരീക്ഷിച്ച പ്രതികൾ ബോക്സിൽ ഉണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും കവരുകയായി​രുന്നു. ഒരു ഫോൺ 148000 രൂപ വിലയുള്ള ഐ ഫോണും, മറ്റൊന്ന് 36000 രൂപ വിലയുള്ളതും ആയിരുന്നു.

നൂറനാട് പൊലീസി​ൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ ആദിക്കാട്ടുകുളങ്ങരയിലെ ഒരു ലോഡ്‌ജിൽ നിന്നും അറസ്‌റ്റ് ചെയ്യുകയായി​രുന്നു. രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. രണ്ടാം പ്രതി അമൽ ബേബിയുടെ പേരി​ൽ കുറത്തികാട് സ്‌റ്റേഷനിൽ പീഡനക്കേസ് നിലവിലുണ്ട്. പ്രതികൾ ലഹരിക്കടിമകളാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ ശ്രീജിത്ത് പി, എസ്.ഐ നിതീഷ് എസ്, എസ്.ഐ സുബാഷ് ബാബു, സി.പി.ഒമാരായ ബിജുരാജ്, പ്രവീൺ, ജയേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.