
ആലുവ: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിലായി. തമിഴ്‌നാട് ആമ്പൂർ സ്വദേശി രാജേഷ് (21), ബംഗ്ളൂരു കുറുമ്പനഹള്ളി ചക്രധാർ (36), എന്നിവരെയാണ് എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് ബംഗ്ളൂരുവിൽ നിന്ന് പിടികൂടിയത്.
ബംഗളൂരു വിദ്യാരണ്യപുര സ്വാഗത് ലേ ഔട്ട് ശ്രീ നിലയത്തിൽ മനോജ് ശ്രീനിവാസി(33) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മനോജിന്റെ സഹായിയാണ് ചക്രധാർ. പറവൂർ സ്വദേശികളായ സ്മിജയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപയും ബിനോയിയിൽ നിന്ന് 11 ലക്ഷത്തോളം രൂപയുമാണ് സംഘം തട്ടിയത്. സൈബർ പൊലീസ് സ്റ്റേഷൻ നടത്തിയ പ്രാഥമിക പരിശോധനയിൽ അമ്പതോളം അക്കൗണ്ടുകളിൽ നിന്ന് 250 കോടിയുടെ തട്ടിപ്പ് നടത്തിയുണ്ടെന്നാണ് വിവരം.
ഓൺലൈൻ ടാസ്‌ക് വഴിയാണ് പറവൂർ സ്വദേശികൾക്ക് പണം നഷ്ടമായത്.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.ബി. ലത്തീഫാണ് പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.