order

കണ്ണമ്പ്ര: രാഷ്ട്രീയ വിരോധം വെച്ച് കണ്ണമ്പ്ര സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വടക്കഞ്ചേരി കണ്ണമ്പ്ര കമ്മാന്തറ വീട്ടിൽ രതീഷ് (41), ബന്ധു കണ്ണമ്പ്ര കിഴക്കേകളം കാവുപറമ്പ് വീട്ടിൽ ഷിജിൻ (32) എന്നിവരെ ഗുരുതരമായി വെട്ടി പരുക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് ഇരുപത്തിരണ്ടര വർഷം കഠിനതടവും 5,60,000 രൂപ പിഴയും ശിക്ഷ.

കണ്ണമ്പ്ര വടക്കുമുറി സന്തോഷ് (48), മേലേചൂർക്കുന്ന് വടക്കുമുറി നിതീഷ് (38), തെക്കുളം സ്വദേശി പ്രസാദ് (34), കിഴക്കേകളം സ്വദേശി മനോജ് (34), കിഴക്കേകളം വിനോദ് (41), കുന്നുകാട് ശിവദാസൻ (44), വടക്കഞ്ചേരി കിഴക്കേപാളയം പുരുഷോത്തമൻ (36), കിഴക്കേപാളയം സ്വദേശഇ കണ്ണൻ (29) എന്നിവരെയാണ് പാലക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജ് ദേവിക ലാൽ ശിക്ഷിച്ചത്. വടക്കുമുറി സ്വദേശി ശിവരാമൻ വിചാരണക്കിടെ മരണപ്പെട്ടിരുന്നു

2013 സെപ്തംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കണ്ണമ്പ്രയിൽ നിരന്തരമായ സി.പി.എം -ആർ.എസ്.എസ് സംഘർഷം നിലനിന്നിരുന്നു. ഇതേ തുടർന്നുള്ള രാഷ്ട്രീയ വിരോധം വെച്ച് സി.പി.എം നേതാവ് രതീഷിനെയും ബന്ധുവായ ഷിജിനെയും കണ്ണമ്പ്ര അമ്പലത്തിനു മുന്നിൽവച്ച് ആക്രമിക്കുകയായിരുന്നു.

അന്നത്തെ വടക്കഞ്ചേരി സബ് ഇൻസ്‌പെക്ടർ ആയിരുന്ന ഇ.ചന്ദ്രൻ രജിസ്റ്റർ ചെയ്ത കേസ് ഇൻസ്‌പെക്ടറായിരുന്ന രാജു, ഉമേഷ് എന്നിവർ അന്വേഷണം നടത്തി. അന്നത്തെ ആലത്തൂർ ഇൻസ്‌പെക്ടർ ആയിരുന്ന മുരളിയാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്ക്യുഷനു വേണ്ടി മുൻ ഗവ.പ്ലീഡർ വിനോദ് കയനാട്ട്, ഗവ. പ്ലീഡർ അനിൽ എന്നിവരും ഹാജരായി. പ്രോസിക്ക്യുഷൻ 23 രേഖകൾ ഹാജരാക്കി 18 സാക്ഷികളെ വിസ്തരിച്ചു.