
നെടുമങ്ങാട്: വ്യാജ ചാരായ വില്പനയുണ്ടെന്ന് യുവാവിനെതിരെ പൊലീസിൽ പരാതിപ്പെട്ടയാളെ തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ചീരാണിക്കര കുഴിവിള തടത്തരികത്ത് വീട്ടിൽ നൗഫലിനെയാണ് (25) നെടുമങ്ങാട് പൊലീസ് പിടികൂടിയത്.
തേക്കട കല്ലുവരമ്പ് സ്വദേശി അരുൺ ബൈക്കിൽ വരുമ്പോൾ വീടിന്റെ മുൻവശത്ത് റോഡിൽ തടഞ്ഞുനിറുത്തി ചവിട്ടി വീഴ്‌ത്തുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്നാലെയെത്തി മരക്കഷ്ണം ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്. റൂറൽ എസ്.പി കിരൺ നാരായണിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജുകുമാർ, സി.ഐ ശ്രീകുമാരൻനായർ, എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ, മുഹ്സിൻ മുഹമ്മദ്, സി.പി.ഒമാരായ രാജേഷ് കുമാർ,വിജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.