തിരുവനന്തപുരം: മുതലപ്പൊഴിയിൽ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ഇൻഷ്വറൻസ് പരിരക്ഷ കിട്ടിയെന്ന് കേട്ട് ആവേശഭരിതയായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. മംഗലപുരത്ത് നടന്ന 'വികസിത് ഭാരത് സങ്കല്പ് യാത്ര'യ്ക്കിടെയാണ് സംഭവം.
20 രൂപ പ്രീമിയമടച്ച സുരേഷിന്റെ കുടുംബത്തിന് രണ്ടുലക്ഷം രൂപ സഹായം കിട്ടി. അനുഭവം വിശദീകരിക്കാൻ സുരേഷിന്റെ മകൻ നെവിൻസുരേഷ് വേദിയിലെത്തിയിരുന്നു. സീറ്റിൽ നിന്ന് എഴുന്നേറ്റ് മൈക്കിനടുത്തുവന്ന് നെവിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ കേന്ദ്രമന്ത്രി താൻ പറഞ്ഞത് ജനങ്ങൾക്ക് ശരിക്ക് മനസിലായില്ലെന്ന് കരുതി മലയാളത്തിൽ വിശദീകരിക്കാൻ സംഘാടകരോടു പറഞ്ഞു. മുതലപ്പൊഴിയിൽ ജൂണിലുണ്ടായ അപകടത്തിൽ ബിജു ആന്റണി,റോബിൻ എഡ്വിൻ,സുരേഷ് ഫെർണാണ്ടസ് എന്നിവരാണ് മരിച്ചത്. ഇവരിൽ സുരേഷ് മാത്രമാണ് പ്രധാനമന്ത്രി ജീവൻബിമാ സുരക്ഷായോജനയിൽ അംഗമായത്. മറ്റ് രണ്ടുപേർക്കും ഒരുസഹായവും കിട്ടിയതുമില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ജില്ലയിൽ 2.6ലക്ഷം പേർക്ക് ജലജീവൻമിഷനും 5,408പേർക്ക് ഭവനപദ്ധതിയും 20,800 പേർക്ക് ടോയ്ലെറ്റും 8.9ലക്ഷം പേർക്ക് ആയുഷ്‌മാൻ പദ്ധതിയും 63,500പേർക്ക് സൗജന്യ ഗ്യാസ് അടുപ്പും 16.78ലക്ഷം പേർക്ക് സൗജന്യ റേഷനും നൽകിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. റഷാജ് റോയൽ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര പദ്ധതികൾ അർഹരായവർക്ക് കിട്ടാതെ പോയിട്ടുണ്ടെങ്കിൽ കണ്ടെത്തി നൽകാനാണ് വികസിത സങ്കല്പ യാത്രയെന്ന് അവർ പറഞ്ഞു.
ഗുണഭോക്താക്കൾക്ക് ചെക്കുകൾ ചടങ്ങിൽ വിതരണം ചെയ്തു. യാത്രയുടെ പ്രചരണവാഹനത്തിന് ഫ്ളാഗ് ഒാഫ് ചെയ്തു. പ്രധാനമന്ത്രിയുടെ തത്സമയ വീഡിയോ സംവാദപരിപാടിയും ഉണ്ടായിരുന്നു. എസ്.ബി.ഐ സർക്കിൾ ചീഫ് ജനറൽ മാനേജർ ഭുവനേശ്വരി,നബാർഡ് ചീഫ് ജനറൽ മാനേജർ ഗോപകുമാരൻനായർ,ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ.ബിനുജോൺസാം,കനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ പ്രദീപ് .കെ.എസ് തുടങ്ങിയവർ സംസാരിച്ചു.