sheikh-darvesh-sahib

തിരുവനന്തപുരം: ഡി.ജി.പിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാമോർച്ച പ്രവർത്തകർ തള്ളിക്കയറിയ സംഭവം ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ വീഴ്ചവരുത്തിയ പൊലീസ് സേനയ്ക്ക് മറ്റൊരു നാണക്കേടായി. സംഭവത്തിൽ ഡി.ജി.പി ഉദ്യോഗസ്ഥരെ അമർഷം അറിയിച്ചതായാണ് വിവരം.

ഡി.ജി.പിക്കു നേരെ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പ് കണക്കിലെടുക്കാതെ ലാഘവത്തോടെ കണ്ടതാണ് ഇന്നലത്തെ സംഭവത്തിന് കാരണം. ഡി.ജി.പിക്കു നേരെ പ്രതിഷേധമുണ്ടാകുമെന്ന് അറിയിപ്പുണ്ടായപ്പോൾ പൊലീസ് ആസ്ഥാനത്ത് പ്രത്യേക ജാഗ്രത പുലർത്തിയെങ്കിലും വസതിയിൽ അത് ഉണ്ടായില്ല. പൊലീസിന്റെ റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റസ്ക്യൂ ഫോഴ്സിനാണ് (ആർ.ആർ.ആർ.എഫ്) പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷാചുമതല. മറ്റ് പൊലീസ് വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക പരിശീലനം നേടിയ ഈ ഉദ്യോഗസ്ഥരുടെ മുന്നിലൂടെയാണ് അഞ്ച് മഹിളാമോർച്ചാപ്രവർത്തകർ വീടിന്റെ മുറ്റത്തേക്ക് ഓടിയതും അവിടെ ഇരുന്ന് പ്രതിഷേധിച്ചതും. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്നവരിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ വിശദീകരണം തേടി. ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മുന്നിലൂടെ ഓടിയ പ്രതിഷേധക്കാർ വീട്ടുമുറ്റത്ത് കുത്തിയിരിക്കുന്നത് തടയാനും ആർ.ആർ.ആർ.എഫ് ടീമിന് കഴിഞ്ഞില്ല.

വഴുതക്കാട് ഡി.പി.ഐ ജംഗ്ഷനു സമീപത്തെ ഡി.ജി.പിയുടെ ഔദ്യോഗിക വസതിയുടെ സദാസമയം അടഞ്ഞുകിടക്കുന്ന പ്രധാന ഗേറ്റ് റിമോർട്ട് കൺട്രോളിലാണ് പ്രവർത്തിക്കുന്നത്. സമീപത്തെ ചെറിയ ഗേറ്റും അകത്തു നിന്ന് പൂട്ടിയിരിക്കും. സുരക്ഷാ ഉദ്യോഗസ്ഥർ തുറന്നാൽ മാത്രമേ പുറത്തുനിന്ന് അകത്തേക്ക് കയറാനാകൂ.

സന്ദർശകരെ സംബന്ധിച്ച കൃത്യമായ വിവരമില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥർ ഈ ഗേറ്റ് തുറക്കാറില്ല. എന്നാൽ അഞ്ചു പേർ ഒരുമിച്ച് വന്ന് ഡി.ജി.പിക്ക് പരാതി നൽകണമെന്നു പറഞ്ഞപ്പോൾ ഗേറ്റ് തുറന്നതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. വീട്ടിൽ ഡി.ജി.പി സന്ദർശകരെ കാണുകയോ പരാതി സ്വീകരിക്കുകയോ ചെയ്യില്ല. ഈ സാഹചര്യത്തിൽ ഗേറ്റ് തുറന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.

തടയാൻ തടസമില്ല

പൊതുസ്ഥലത്ത് പ്രതിഷേധിക്കുന്ന വനിതകളെ തടയാനും കസ്റ്റഡിയിലെടുക്കാനും വനിതാ പൊലീസുകാരെ നിയോഗിക്കാറുണ്ടെങ്കിലും കനത്ത സുരക്ഷയുള്ള ഡി.ജി.പിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതിഷേധക്കാരെ തടയാൻ വനിതാ പൊലീസിന്റെ ആവശ്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അതിക്രമം തടയാനാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. വനിതാ പൊലീസില്ലെന്ന കാരണത്താൽ മാറിനിൽക്കേണ്ടതില്ല. ഡി.ജി.പിയുടെ വീട്ടിൽ സാധാരണ വനിത ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കാറില്ലെന്നും അധികൃതർ വ്യക്തമാക്കി.