തിരുവനന്തപുരം: ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് നാല് പതിറ്റാണ്ട് പൂർത്തിയാക്കുന്ന മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയെ കേരളകൗമുദിയും കൗമുദി ടി.വിയും ചേർന്ന് ആദരിക്കുന്നു. 'കൗമുദി ചൈത്ര നിലാവ്' എന്നു പേരിട്ടിരിക്കുന്ന സംഗീത പരിപാടി നാളെ വൈകിട്ട് 6ന് തിരുവനന്തപുരം കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെന്ററിൽ നടക്കും.
വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ എം.ഡി ഡോ. ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയാവും. കേരളകൗമുദിയുടെ ഉപഹാരം ഡയറക്ടർ ശൈലജ രവി ചിത്രയ്‌ക്ക് സമ്മാനിക്കും. വി.കെ.പ്രശാന്ത് എം.എൽ.എ, നിയുക്ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ തുടങ്ങിയവർ പങ്കെടുക്കും.
ചിത്രയെ ആദ്യമായി സിനിമയിൽ പാടിച്ച സംഗീത സംവിധായകൻ ഒ.വി.റാഫേൽ, ചിത്രയുടെ സഹോദരി കെ.എസ്.ബീന, സംഗീതജ്ഞരായ ഡോ.കെ.ഓമനക്കുട്ടി, ബി.അരുന്ധതി, കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ തുടങ്ങിയവർ ചിത്രയുടെ സാന്നിദ്ധ്യത്തിൽ അനുഭവങ്ങൾ പങ്കുവയ്ക്കും. സംഗീതജ്ഞ ഭാവന രാധാകൃഷ്‌ണൻ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ, നിർമ്മാതാവ് രഞ്ജിത്ത്, ഭാര്യ ചിപ്പി, നിർമ്മാതാവ് ജി.സുരേഷ് കുമാർ, മേനക സുരേഷ്, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്, ഗോപിനാഥ് മുതുകാട്, മുൻകാല ഗായിക ലളിത തമ്പി, നടൻ ദിനേശ് പണിക്കർ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും. ചിത്രയുടെ ഗാനങ്ങൾ കോർത്തിണക്കിയ മൂന്നു മണിക്കൂർ നീളുന്ന സംഗീത വിരുന്നിൽ ഗായകരായ അഫ്സൽ, കെ.കെ.നിഷാദ്, പി.എസ്.അനാമിക എന്നിവരും അണിനിരക്കും.
രാജധാനി ഗ്രൂപ്പാണ് മുഖ്യസ്പോൺസർ. ഹോളിഡേ ഷോപ്പ്, ന്യൂരാജസ്ഥാൻ മാർബിൾസ്, എസ്.പി മെഡിഫോർട്ട്, ഇൻഡ് റോയൽ പ്രോപ്പർട്ടീസ്, ട്രിവാൻഡ്രം മോട്ടോഴ്സ്, ജ്യോതിസ് സെൻട്രൽ സ്കൂൾ, എസ്.കെ ഹോസ്പിറ്റൽ, കിംസ് ഹെൽത്ത്, ഇന്ത്യൻ ഓയിൽ, 92.7 ബിഗ് എഫ്.എം എന്നിവർ സഹ സ്‌പോൺസർമാരാണ്. ടെക്നോപാർക്കിലെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി ഇവന്റ് പാർട്ണറാണ്. പ്രവേശനം പാസ് മുഖേനെ നിയന്ത്രിച്ചിട്ടുണ്ട്. പാസുകൾക്ക് കേരളകൗമുദി തിരുവനന്തപുരം ഓഫീസുമായി ബന്ധപ്പെടണം.