nirmala

തിരുവനന്തപുരം:കേരളത്തോട് വിവേചനം കാണിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ.അർഹമായതൊന്നും നൽകാതിരുന്നിട്ടില്ല.കുടിശികയില്ലെന്ന് മാത്രമല്ല ഒരുമാസം മുമ്പേ കൊടുക്കാറുമുണ്ട്. എന്നിട്ടും പരാതി പറയുന്നതിൽ കഴമ്പില്ല.

കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള വികസിത ഭാരത് സങ്കൽപ് യാത്ര മംഗലപുരത്തിനു സമീപം ചെമ്പകമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളിൽ 1.54കോടിപ്പേർക്കും ഗരീബി കല്യാൺ പദ്ധതി പ്രകാരം പാവപ്പെട്ടവർക്കുള്ള സൗജന്യറേഷൻ നൽകുന്നുണ്ട്. തുടക്കത്തിൽ കിലോയ്ക്ക് മൂന്ന് രൂപയ്ക്ക് നൽകിയിരുന്ന അരി പിന്നീട് സൗജന്യമാക്കി. ഈ വർഷം മുതൽ അഞ്ച് വർഷത്തേക്കു പദ്ധതി നീട്ടിയപ്പോൾ കടത്തുകൂലിയും സംസ്ഥാനത്തിന്റെ ബാദ്ധ്യതയിൽ നിന്ന് ഒഴിവാക്കി.ഒരുസംസ്ഥാനത്തോടും വിവേചനമില്ല.

ചെമ്പകമംഗലം റഷാജ് റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വികസിത ഭാരത് സങ്കൽപ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ വികസിത് സങ്കൽപ് പ്രതിജ്ഞയെടുത്തു. ഗുണഭോക്താക്കൾക്ക് സഹായം വിതരണം ചെയ്തു. പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ കോഴിക്കോട്ടെ ധർമ്മരാജനുമായി സംവദിച്ചത് പ്രദർശിപ്പിച്ചു.

എസ്.ബി.ഐ. സർക്കിൾ ചീഫ് ജനറൽ മാനേജർ ഭുവനേശ്വരി, നബാർഡ് ചീഫ് ജനറൽ മാനേജർ ഗോപകുമാരൻ നായർ, ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ. ബിനു ജോൺ സാം, കാനറ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ പ്രദീപ് കെ.എസ് തുടങ്ങിയവർ സംസാരിച്ചു.