
തിരുവനന്തപുരം: സ്മാർട്ട് സിറ്റിയുടെ ഓട നിർമ്മാണത്തിന്റെ ഭാഗമായി കുഴിയെടുക്കുന്നതിനിടെ അന്തരിച്ച സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണന്റെ കുടുംബവീടായ 'മേടയിൽ വീടിന്റെ' മുൻവശത്തെ മതിലും കാർഷെഡും ഇടിഞ്ഞുവീണു. തൈക്കാട് എം.ജി.രാധാകൃഷ്ണൻ റോഡിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഓടകൾ വൃത്തിയാക്കുന്നതും വീതികൂട്ടുന്നതും പുതിയ ഓടകൾ നിർമ്മിക്കുന്നതും കഴിഞ്ഞകുറച്ചു മാസങ്ങളായി തൈക്കാട് മോഡൽ സ്കൂൾ ജംഗ്ഷൻ മുതൽ ഭാരത് ഭവൻ വരെനടന്നുവരികയാണ്. രണ്ടുമാസം മുമ്പാണ് എം.ജി.രാധാകൃഷ്ണന്റെ വീടിന്റെ മതിൽ നവീകരിച്ച് അദ്ദേഹത്തിന്റെ പേരിൽ ശിലാഫലകം സ്ഥാപിച്ചത്. മതിലിന് സമീപം കുഴിയെടുക്കുമ്പോൾ സൂക്ഷിക്കണമെന്ന് വീട്ടുകാർ കരാറുകാരോട് പറഞ്ഞിരുന്നു. എന്നാൽ ജെ.സി.ബി കൊണ്ട് കുഴിയെടുത്തപ്പോൾ മതിലിന്റെ അടിയിലെ പാറഉൾപ്പടെ ഇളകിപ്പോയെന്ന് പരിസരവാസികൾ പറയുന്നു. മതിൽ ഇടിഞ്ഞതോടെ കാർഷെഡ് തകർന്ന് കാറിന് മുകളിൽ വീണു. ഇതുവഴി പ്രധാനപ്പെട്ട വാട്ടർ ലൈൻ കടന്നുപോകുകയാണെന്ന വീട്ടുകാരുടെ ജാഗ്രതയും അവഗണിച്ചു. ലൈൻ പൊട്ടി വെള്ളം ഒഴുകിയതോടെ അടിയിലെ മണ്ണ് ശക്തമായി ഒലിച്ചുപോയി. തുടർന്ന് കെ.ആർ.എഫ്.ബി അധികൃതരും കോൺട്രാക്ടറും സ്ഥലത്തെത്തി എം.ജി.രാധാകൃഷ്ണന്റെ മകൻ എം.ആർ.രാജാകൃഷ്ണനെ ഫോണിൽ വിളിച്ച് മതിൽ നിർമ്മിച്ച് നൽകാമെന്ന് അറിയിച്ചു. കഴിഞ്ഞദിവസം സമീപത്തൊരു വീടിന്റെ മതിലും ഇത്തരത്തിൽ ഇടിഞ്ഞുവീണു. എന്നാൽ മതിലിന്റെ ഉടമസ്ഥരോട് ബേസ്‌മെന്റ് മാത്രം നിർമ്മിച്ചു നൽകാമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, ബേസ്‌മെന്റിന് ശക്തി ഇല്ലായിരുന്നുവെന്നാണ് അധികൃതരുടെ വാദം. ചെങ്കൽചൂള ഫയർഫോഴ്സ് മേൽക്കൂരയും കോൺക്രീറ്റ് കട്ടകളും മാറ്റി വലിയ അപകടം ഒഴിവാക്കി. സ്റ്റേഷൻ ഓഫീസർ രാമമൂർത്തിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഷാഫി.എം.അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺ കുമാർ, പ്രവീൺ, അനിൽകുമാർ, മഹേഷ്, ബിജുമോൻ, ഷൈജു.എസ്.പി എന്നിവർ പങ്കെടുത്തു.