തിരുവനന്തപുരം: നവകേരള ബസിനു മുന്നിൽ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് ഉദ്യോഗസ്ഥനായ സിവിൽ പൊലീസ്​ ഓഫീസർ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ഇന്നലെ പട്ടം കെ.എസ്​.ഇ.ബി ഓഫീസിന്​ സമീപത്തെ വീട്ടിലേക്കാണ് മാർച്ച് നടന്നത്. പൊലീസ് ലാത്തി വീശിയതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരിക്കേറ്റു.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് വീടിനു സമീപം 100 മീറ്റർ അകലെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞു. രണ്ടുമണിക്കൂറോളം നീണ്ട പ്രതിഷേധത്തിൽ പ്രവർത്തകർ ബാരിക്കേഡ്​ മറിച്ചിട്ടു മുന്നേറാൻ ശ്രമിച്ചു. ഇതോടെ പൊലീസ്​ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. സംഘർഷത്തിനിടെ കല്ലേറുണ്ടായതോടെ പൊലീസ്​ ലാത്തിവീശുകയായിരുന്നു. ഇതേത്തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷജീർ നേമം, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന ഭാരവാഹികളായ പ്രമോദ്, അരുൺ തുടങ്ങിയവർക്ക് പരിക്കേറ്റു.

യൂത്ത്​ കോൺഗ്രസ്​ പ്രതിഷധിച്ച പട്ടത്ത്​ നിരവധി ഡി.വൈ.എഫ്​.ഐ, എസ്​.​എഫ്​.ഐ പ്രവർത്തകരും തമ്പടിച്ചിരുന്നു. ഇരുവിഭാഗവും തമ്മിൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പൊലീസ്​ ഇരുകൂട്ടരുടെയും ഇടയിലാണ്​ നിലയുറപ്പിച്ചത്​.

മുഖ്യമന്ത്രിയുടെ ആരോപണവിധേയരായ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ കോൺഗ്രസ്​ പ്രചാരണം നടന്നിരുന്നു. ഇരുവരുടെയും വീടിനു നേരെ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജൻസ്​ റി​പ്പോർട്ടിനെത്തുടർന്ന് വീടുകൾക്ക്​ സുരക്ഷ ശക്തിപ്പെടുത്താൻ സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.​ നാഗരാജു നിർദേശിച്ചു. ഗൺമാൻ അനിൽ കുമാർ താമസിക്കുന്ന പേരൂർക്കട പൊലീസ്​ ക്വാർട്ടേഴ്​സിലും കല്ലിയൂരിലെ ഇയാളുടെ സ്വന്തം വീട്ടിലും സന്ദീപിന്റെ വീട്ടിലും സുരക്ഷ ശക്തമാക്കിയിരുന്നു.