
പാറശാല: പൊഴിയൂർ പൊഴിക്കര ബീച്ചിൽ എത്തിയ തമിഴ്‌നാട്കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒളിവിൽക്കഴിഞ്ഞ പ്രതിയെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുളത്തൂർ വില്ലേജിൽ പൊഴിയൂർ പരുത്തിയൂർ പുതുവൽ പുരയിടത്തിൽ സാജൻ (29) ആണ് പിടിയിലായത്. കഴിഞ്ഞ അഞ്ച് മാസങ്ങൾക്ക് മുൻപാണ് കേസിനാസ്‌പദമായ സംഭവം. ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി രണ്ട് സഹപാഠികൾക്കൊപ്പമെത്തിയ തമിഴ്‌നാട്ടിലെ കോളേജ് വിദ്യാർത്ഥിനിയെ സുഹൃത്തുക്കളെ വിരട്ടി ഓടിച്ച ശേഷം പ്രദേശവാസികളായ രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കോളേജ് വിദ്യാർത്ഥിനിയെ ഫോണിൽ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ ബന്ധുക്കൾ പൊഴിയൂർ പൊലീസിന് പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികളിൽ രണ്ടുപേരെ കഴിഞ്ഞ നവംബർ 29ന് പൊഴിയൂർ പൊലീസ് പിടികൂടിയിരുന്നു.
ഒളിവിൽപ്പോയ സാജനെ പൊലീസ് പിന്തുടരുന്നതായി മനസിലാക്കിയ ഇയാൾ തമിഴ്‌നാട്ടിലേക്ക് കടക്കാനായി നീലേശ്വരത്ത് നിന്നും ട്രെയിനിൽ കയറിയെങ്കിലും അന്വേഷണസംഘം അവിടെയും പിന്തുടരുന്നതായി അറിഞ്ഞ് പേട്ട റെയിൽവേ സ്റ്റേഷനിൽ ചാടി ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പൊലീസ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദേശാനുസരണം നെയ്യാറ്റിൻകര എ.എസ്.പി ഫറാഷിന്റെ നേതൃത്വത്തിൽ പൊഴിയൂർ സി.ഐ സതികുമാർ, എസ്.ഐ ശ്രീഗോവിന്ദ്. ബി.എസ്, എ.എസ്.ഐ പ്രേംകുമാർ, സി.പി.ഒ ആന്റണി മിറാൻഡ, എസ്.സി.പി.ഒ ഷിബു, സി.പി.ഒ മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.