തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രമാകാൻ പോകുന്ന കനകക്കുന്നിൽ ക്രിസ്മസ്-പുതുവത്സരാഘോഷവുമായി ടൂറിസം വകുപ്പ്. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലും മറ്റു വേദികളിലുമായി ദീപാലങ്കാരവും വിപുലമായ ആഘോഷ പരിപാടികളുമാണ് ടൂറിസം വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. 24 മുതൽ ജനുവരി 2 വരെയാണ് ആഘോഷം. 24ന് വൈകിട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.

ആഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് പൂർണമായി ദീപാലംകൃതമാക്കും. ക്രിസ്മസ് ട്രീകൾ, നക്ഷത്രങ്ങൾ, റെയിൻ ഡിയറുകൾ, ഇൻസ്റ്റലേഷനുകൾ എന്നിവയൊരുക്കും. ഓരോ സ്ഥലങ്ങളും വ്യത്യസ്തമാർന്ന പ്രമേയം അനുസരിച്ചാണ് അലങ്കരിക്കുക. സന്ദർശകർക്ക് സെൽഫിയും ഫോട്ടോയും എടുക്കാൻ പ്രത്യേക ഫോട്ടോ പോയിന്റുകളും സജ്ജമാക്കും. കൂടാതെ മ്യൂസിയം മുതൽ മാനവീയം വീഥി വരെയും ദീപാലങ്കാരമുണ്ടാകും. ഇതോടെ കേരളീയത്തിനും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനും ശേഷം നഗരം വീണ്ടും ഉത്സവത്തിമിർപ്പിലേക്ക് മാറും.

ആഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് വളപ്പിൽ പുഷ്പമേളയുമുണ്ടാകും. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വൈവിധ്യമാർന്ന പുഷ്പങ്ങൾ മേളയിൽ കാണാനാകും. വിപണനമേള, ഫുഡ് കോർട്ട്, പെറ്റ് ഷോ എന്നിവയുമുണ്ടാകും. ടൂറിസം വകുപ്പിനു കീഴിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് (ഡി.ടി.പി.സി) ആഘോഷത്തിന് നേതൃത്വം നൽകുന്നത്.

പ്രവേശനനിരക്ക് ഈടാക്കും

ആഘോഷപരിപാടികൾ വീക്ഷിക്കാൻ മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയും നിരക്കിൽ പ്രവേശനഫീസ് ഈടാക്കും. ഇന്നുമുതൽ കനകക്കുന്ന് കൊട്ടാര കവാടത്തിലെ കൗണ്ടറിൽനിന്ന് പ്രവേശനടിക്കറ്റുകൾ മുൻകൂട്ടി വാങ്ങാം. ആഘോഷവേളയിൽ കൗണ്ടറിൽ തിരക്ക് ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് പ്രവേശനടിക്കറ്റുകൾ മുൻകൂട്ടി വാങ്ങാൻ സൗകര്യമേർപ്പെടുത്തിയത്.