arun

വക്കം: വൃദ്ധനെ മർദ്ധിച്ച് പണം കവർന്ന കിളിമാനൂർ സ്വദേശി പിടിയിൽ. വക്കം പണയിൽകടവിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കിളിമാനൂർ അടയമൺ, ചെമ്പകശ്ശേരി അരുൺ നിവാസിൽ അപ്പുണ്ണിയെന്ന (31) അരുൺരാജ് ആണ് കടക്കാവൂർ പൊലീസിന്റെ പിടിയിലായത്. വക്കം എസ്.എൻ ജംഗ്ഷനിൽ നളിനാക്ഷൻ (68) എന്നയാളെ മർദ്ധിച്ച് അവശനാക്കി പണം കവർന്നതായാണ് പരാതി. വക്കം പണയിൽകടവ് പലാസോ ഹോട്ടലിന് സമീപത്തുനിന്ന് വൃദ്ധനെ പിന്തുടർന്ന പ്രതി വഴിയിൽ വച്ച് തടഞ്ഞു നിറുത്തിയതിനു ശേഷം തന്റെ കയ്യിൽ വിദേശ പണം ഉണ്ടെന്നും അത് മാറ്റി ഇന്ത്യൻ രൂപയാക്കണം എന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതിക്കൊപ്പം പോയ നാളിനാക്ഷനെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പ്രതി മർദ്ധിച്ച് നളിനാക്ഷന്റെ കൈയിൽ നിന്നും 25000 രൂപ കവരുകയായിരുന്നു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ട പ്രതി കവലയൂരിൽ എത്തിയപ്പോൾ ഇന്ധനം തീർന്ന തന്റെ ഇരുചക്ര വാഹനം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ആറ്റിങ്ങൽ വിവിധ ബാറുകളിൽ മദ്യപിച്ച പ്രതി ഇപ്പോൾ താമസിക്കുന്ന കടക്കാവൂരിലെ വീട്ടിലെത്തിയപ്പോഴാണ് കടയ്ക്കാവൂർ പൊലിസ് അറസ്റ്റ് ചെയ്തത്.