jds

തിരുവനന്തപുരം: ജെ.ഡി.എസ് സി.കെ നാണു വിഭാഗത്തിന്റെ ദേശീയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. ഇതിന് ശേഷം മൂന്ന് ഘട്ടങ്ങളായി സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിക്കും.

സംസ്ഥാനത്ത് ജെ.ഡി.എസ് സി.കെ. നാണു പക്ഷം ആർ.ജെ.ഡിയിൽ ലയിക്കാനുള്ള ആലോചനയില്ലെന്ന് സി.കെ. നാണു വ്യക്തമാക്കി. ജെ.ഡി.എസായി നിന്നു കൊണ്ട് ദേശീയ തലത്തിൽ ജനതാ പരിവാറിന് രൂപം നൽകും. അതിന്റെ ഭാഗമായി ആർ.ജെ.ഡി അടക്കമുള്ള സോഷ്യലിസ്റ്റ് കക്ഷികളുമായി സംസ്ഥാനത്തു സഹകരിക്കും. അല്ലാതെ ഒരു കക്ഷിയുമായും നിലവിൽ ലയിക്കാൻ ആലോചിച്ചിട്ടില്ല.

ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡയെ പുറത്താക്കി പകരം സി.കെ. നാണുവിനെ പാർട്ടി ദേശീയ അദ്ധ്യക്ഷനാക്കിയ പാർട്ടി തീരുമാനം അറിയിക്കാൻ എൽ.ഡി.എഫ് യോഗം ചേരുന്ന 24ന് കത്ത് നൽകുക. മാത്യു ടി. തോമസ് അദ്ധ്യക്ഷനായുള്ള ജെ.ഡി.എസ് കേരള നേതൃത്വം കേരള ജനതാദളെന്ന പുതിയ കക്ഷിയാവാൻ ആലോചിച്ചിരുന്നു.

എന്നാൽ ഇനി പുതിയൊരു ജനതാദളിനെ മുന്നണിയിൽ ഉൾപ്പെടുത്താനാവില്ലെന്ന കാര്യം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ അവരെ അറിയിച്ചതായാണ് സൂചന. അതിനാൽ, കേരളത്തിലെ പാർട്ടിയിൽ പിളർപ്പ് ഒഴിവാകുമെന്നും നിലവിലെ നേതൃത്വത്തിന് സി.കെ നാണുവിനെ അംഗീകരിക്കേണ്ടി വരുമെന്നും നാണു പക്ഷം വിലയിരുത്തുന്നു. ഭൂരിഭാഗം ജെ.ഡി.എസ് സംസ്ഥാന ഘടകങ്ങളും നാണു പക്ഷത്തിനൊപ്പമായതിനാൽ തന്നെ തങ്ങൾക്കൊപ്പമുള്ള സംസ്ഥാന അദ്ധ്യക്ഷൻമാരുടെ ഒപ്പിട്ട കത്താവും തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുക.