road-

ചിറയിൻകീഴ് : അനുപമ ജംഗ്ഷൻ - നാഗരുനട, മുട്ടപ്പലം ആൽത്തറമൂട് - പുഞ്ചമുക്ക് റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. ദിനംപ്രതി സ്കൂൾ വണ്ടികളടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന അഴൂർ പഞ്ചായത്തിലെ പ്രധാന പാതകളാണിവ. അനുപമ ജംഗ്ഷൻ മുതൽ നാഗരുനട വരെയുള്ള റോഡിൽ മെറ്റലുകൾ ഇളകി കുന്നും കുഴിയുമായി കിടക്കുകയാണ്. മെറ്റലുകൾ പലയിടത്തും ചിതറിക്കിടക്കുന്നതിനാൽ ടൂവീലർ യാത്ര പോലും ദുസ്സഹമാണ്. ഓടയുടെ അഭാവവും റോഡിൽ ചിലയിടങ്ങളിലുണ്ട്. മുട്ടപ്പലം ആൽത്തറമൂട് പുഞ്ചമുക്ക് റോഡിന്റെ അവസ്ഥ ഏറെ ദയനീയമാണ്. കുത്ത് കയറ്റമുള്ള വീതി കുറഞ്ഞ റോഡിൽ മെറ്റലുകൾ ഇളകി റോഡിൽ പല കുഴികളും രൂപപ്പെട്ടിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ് തകർന്ന ഈ റോഡിലൂടെ യാത്ര ചെയ്താൽ നടുവൊടിഞ്ഞത് തന്നെ. റോഡിന് ഇരുവശവും കുറ്റിച്ചെടികൾ വളർന്നു നിൽക്കുന്നതിനാൽ റോഡരികിലെ മഴച്ചാൽ ഏതെന്നുപോലും അറിയാത്ത അവസ്ഥയാണ്. അതിനാൽത്തന്നെ ബൈക്ക് അപകടങ്ങളും സംഭവിക്കാറുണ്ട്.

കുറവുകൾ മാത്രം

മഴക്കാലമായാൽ മഴവെള്ള കുത്തൊഴുക്കാണിവിടെ. മതിയായ ഓടയുടെ അഭാവവും ഉണ്ട്. ഇതിന് പുറമേ വാട്ടർ കണക്ഷനുമായി ബന്ധപ്പെട്ട് വെട്ടിപ്പൊളിച്ചവ പലതും പഴയതുപോലെ ആക്കിയിട്ടുമില്ല. ഇതുവഴിയുള്ള യാത്രക്കാർക്ക് ഇതെല്ലാം തലവേദനയാണ്. ഇതുകൂടാതെ ഈ റോഡുകളിൽ പലയിടത്തും മതിയായ തെരുവ് ലൈറ്റുകളില്ല. ഉള്ളവ പോലും പലപ്പോഴും കത്താറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുടപുരം ഭാഗത്തു നിന്ന് വരുന്നവർക്ക് അനുപമ ജംഗ്ഷൻ, അഴൂർ തുടങ്ങിയ ഭാഗങ്ങളിൽ എളുപ്പം എത്താൻ സാധിക്കുന്നതാണ് ഈ റോഡുകൾ. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധ വേണ്ടവിധത്തിൽ ഈ വിഷയങ്ങളിൽ പതിച്ച് അടിയന്തര നടപടികൾ ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.