
തിരുവനന്തപുരം: സപ്ളൈകോയ്ക്ക് അരിയും പലവ്യഞ്ജനവും നൽകാമെന്ന് ചില വിതരണക്കാർ ഉറപ്പ് നൽകിയ പശ്ചാത്തലത്തിൽ ഏഴുജില്ലകളിൽ ക്രിസ്‌മസ് - ന്യൂഇയർ ഫെയറുകൾ നടത്താൻ വഴിയൊരുങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 21 മുതൽ 30വരെയാണ് ഫെയർ.
ഇരുപതിലേറെ വിതരണക്കാരുമായി മന്ത്രി ജി.ആർ.അനിൽ ചർച്ച നടത്തിയതിനെ തുടർന്നാണിത്. കുടിശ്ശിക കിട്ടാത്തതിനാൽ വിതരണക്കാർ സാധനം എത്തിക്കുന്നത് നിറുത്തിവച്ചിരിക്കുകയാണ്.
ഇവർ സമർപ്പിച്ച ടെൻഡറുകൾ ഇന്നാണ് തുറക്കുന്നത്. അതുസരിച്ചാകും ഫെയറുകൾ വിപുലമാക്കുന്നത് തീരുമാനിക്കുക. ഫെയറുകളിൽ സബ്സിഡി വില തുടരും. അടുത്ത ഫെയറിനു മുമ്പ് സബ്സിഡി സാധനങ്ങളുടെ വില കൂട്ടും. മുളക് ഉൾപ്പെടെ വിലക്കൂടുതൽ ഉള്ള ഇനങ്ങളുടെ അളവ് കുറച്ചായിരിക്കും വിൽക്കുക. ഓണത്തിന് മുളക് ഒരു കിലോയ്‌ക്ക് പകരം 250 ഗ്രാമാണ് നൽകിയത്.
അഞ്ഞൂറിലേറെ വിതരണ കമ്പനികൾക്ക് മേയ് മുതലുള്ള മൊത്തം കുടിശ്ശിക 800 കോടിയാണ്. സപ്ലൈകോ കുടിശ്ശിക നൽകാത്തതിനാൽ ഇവർ ടെൻഡറിൽ പങ്കെടുക്കുന്നില്ല.
മുൻകാലങ്ങളിൽ പ്രതിദിനം 8 - 10 കോടി രൂപ വിറ്റുവരവുണ്ടായിരുന്നു. ശനിയാഴ്ചത്തെ വരുമാനം 70.59 ലക്ഷം രൂപയായി കുറഞ്ഞു. ജീവനക്കാരുടെ ശമ്പളത്തിനു മാത്രം 24 കോടി വേണം.
ഇന്നു മുതൽ സമരം
കരാറുകാർ ഇന്നു മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഫുഡ് ഗ്രെയിൻസ് പൾസസ് ആൻഡ് സ്‌പൈസസ് സപ്ലയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. 7,8 തീയതികളിൽ സപ്ലൈകോ വിളിച്ച ടെൻഡറിൽ സംഘടനയിലെ ആരും പങ്കെടുത്തില്ല.
''സാമ്പത്തിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മാറ്റും ''
- ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി