jk

തിരുവനന്തപുരം: പള്ളിമുക്ക് സെന്റ് ആൻസ് നഴ്സിംഗ് ഹോമിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കാലപ്പഴക്കം കാരണം മേൽക്കൂര നശിച്ചതോടെ മഴപെയ്‌താൽ ചോർന്നൊലിച്ചും വെയിലുള്ളപ്പോൾ അസഹനീയമായ ചൂടും കാരണം യാത്രക്കാർ വലയുകയാണ്.

ചാക്ക,വേളി,ശംഖുംമുഖം,ബൈപാസ് വഴി കഴക്കൂട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്നവർ ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. വി.എസ്.ശിവകുമാ‌ർ മന്ത്രിയായിരിക്കെ 2012-13ലെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്രം നിർമ്മിച്ചത്. ഒരുവർഷം മുമ്പ് പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജുവിന് അപേക്ഷ നൽകിയതായി പേട്ട കൗൺസിലർ സി.എസ്.സുജാദേവി പറഞ്ഞു.

എന്നാൽ കഴിഞ്ഞ വർഷം എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പന്ത്രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചെന്നും കോർപ്പറേഷന്റെ എൻ.ഒ.സി കിട്ടാൻ വൈകിയത് കൊണ്ടാണ് പള്ളിമുക്കിലെ കാത്തിരിപ്പ് കേന്ദ്രം പുതുക്കിപ്പണിയാൻ കഴിയാതിരുന്നതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇരിക്കാനും ഇടമില്ല

ബസ് കാത്ത് നിൽക്കുന്നവർക്ക് ഒന്നിരിക്കാൻ തോന്നിയാൽ കഷ്ടപ്പെടും. ഇരിപ്പിടത്തിന് പകരം നാല് കുറ്റികൾ മാത്രമാണ് ഇവിടെയുള്ളത്. മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും ഇരിപ്പിടമില്ലാത്തത് കാരണം ബുദ്ധിമുട്ടുകയാണ്.

ആളുകൾക്ക് വേണ്ടിയാണോ ഈ കാത്തിരിപ്പ് കേന്ദ്രമെന്ന് സംശയമുണ്ട്.

ക്ഷീണിച്ച് വരുന്ന യാത്രക്കാർക്ക് ഇരിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്.

നിസാം,യാത്രക്കാരൻ

കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവസ്ഥയും യാത്രക്കാരുടെ ബുദ്ധിമുട്ടും

പലപ്പോഴായി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.

സി.എസ്.സുജാദേവി, പേട്ട കൗൺസിലർ