തിരുവനന്തപുരം: വിമാനത്താവളത്തിന് സമീപമുള്ള കോഴിക്കടകളിലെ മാലിന്യ സംസ്‌കരണത്തിന് റെൻഡറിംഗ് പ്ലാന്റ് നിർമ്മിക്കാൻ നഗരസഭ. കോഴിയിറച്ചി മാലിന്യങ്ങൾ പൊതുയിടത്തിൽ തള്ളുന്നത് മൂലം പക്ഷികൾ കൂട്ടമായെത്തി അത് ഭക്ഷിക്കാറുണ്ട്. ഇതേ തുടർന്ന് വിമാനങ്ങളിൽ നിരന്തരമായി പക്ഷിയിടിക്കുന്നുണ്ട്. ഇതുതടയാനാണ് പ്ലാന്റ് നിർമ്മിക്കുന്നത്.
വള്ളക്കടവ് ജംഗ്ഷനിൽ സർക്കാർ നൽകിയ ഒരേക്കർ സ്ഥലത്താണ് പ്ളാന്റ് നിർമ്മിക്കുന്നത്.ഈ പരിസരത്തെ മാത്രം ഇറച്ചിക്കട മാലിന്യമാകും ആദ്യഘട്ടത്തിൽ ശേഖരിക്കുക. കടകളിൽ നിന്ന് സൗജന്യമായിട്ട് മാലിന്യം വാങ്ങാനാണ് ആലോചന. നിലവിൽ കിലോയ്ക്ക് 7 രൂപ നിരക്കിലാണ് കോർപ്പറേഷൻ കരാർ നൽകിയിട്ടുള്ള ഏജൻസി ഇറച്ചിക്കടകളിൽ നിന്ന് മാലിന്യമെടുക്കുന്നത്. എറണാകുളത്തുള്ള മാലിന്യസംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനാലാണ് ഇത്രയും തുക ഈടാക്കുന്നത്. ഇത് നൽകാൻ തയ്യാറാകാതെ ചില കടക്കാർ മാലിന്യം ഓടയിലും തോട്ടിലും കടലിലും വലിച്ചെറിയുന്നുണ്ട്.
ഇതുകാരണം പ്രദേശത്ത് പക്ഷികളുടെയും നായ്ക്കളുടേയും ശല്യം കൂടുതലാണ്.മാലിന്യം വലിച്ചെറിയൽ തടയാൻ എയർപോർട്ട് അതോറിട്ടി ശുചീകരണ തൊഴിലാളികളുടെ സേവനം ഏർപ്പെടുത്തിയത് കൊണ്ട് മുൻവർഷങ്ങളെക്കാൾ പക്ഷിയിടിക്കൽ കുറഞ്ഞിട്ടുണ്ട്. പക്ഷേ, മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് റെൻഡറിംഗ് യൂണിറ്റ് തുടങ്ങാൻ കോർപ്പറേഷൻ തീരുമാനിച്ചത്.
പദ്ധതിക്ക് സി.എസ്.ആർ
ഫണ്ടിൽ നിന്ന് ഒരുകോടി
പ്ലാന്റ് നിർമ്മിക്കാൻ തിരുവനന്തപുരം അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ നൽകും. ഇത് റെൻഡറിംഗ് യൂണിറ്റിന് മാത്രമായിട്ടാകും ചെലവാക്കുക. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിന് രണ്ട് കോടിയും മതിൽ നിർമ്മിക്കാൻ 36 ലക്ഷവുമാണ് വകയിരുത്തുക. എയർപോർട്ടിന് സമീപമുള്ള കോഴിക്കടകൾക്കായിട്ടാണ് നിലവിൽ പ്ലാന്റ് നിർമ്മിക്കുന്നത്. ഇവിടെ 35 അംഗീകൃത കോഴിക്കടകളുണ്ടെന്നാണ് കണക്ക്. പിന്നീട് മറ്റുള്ളവയേയും പദ്ധതിയിൽ ഉൾപ്പെടുത്തിയേക്കും.സി.എസ്.ആർ ഫണ്ട് ലഭിച്ചാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കും.
പക്ഷിയിടിക്ക് ഒരു വിധം പരിഹാരം
നിരന്തരം പരാതികൾ ഉയർന്നിട്ടും തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷിയിടി ഒഴിവാക്കാൻ നടപടിയില്ലായിരുന്നു.പ്രതിഷേധം ശക്തമായപ്പോഴാണ് നഗരസഭ പ്ളാന്റ് ആരംഭിക്കാൻ തീരുമാനിച്ചത്.രാജ്യത്തെ 70 പ്രധാന വിമാനത്താവളങ്ങളിൽ ഏറ്റവുമധികം പക്ഷിയിടി നടക്കുന്നത് തിരുവനന്തപുരത്താണെന്ന് വ്യോമയാന മന്ത്രാലയം പറയുന്നു. തിരുവനന്തപുരത്ത് എല്ലാ മാസവും അഞ്ചും ആറും തവണ വിമാനത്തിൽ പക്ഷിയിടിക്കുന്നുണ്ട്. വിമാനത്താവള പരിസരങ്ങളിലെ പക്ഷി ശല്യമൊഴിവാക്കാൻ നടപടികൾ കൈകൊള്ളുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. തുടർന്ന് വിഷയം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചിരുന്നു. വിമാനത്താവള പരിസരങ്ങളിലെ മാലിന്യം ദിനംപ്രതി നീക്കം ചെയ്യാനും അതിനായി വിമാനത്താവള നടത്തിപ്പ് അവകാശമുള്ളവരും നഗരസഭയും ഒന്നിച്ച് പ്രവർത്തിക്കാനും വിമാനത്താവള പരിസരത്ത് മാലിന്യം ഉണ്ടാകാതിരിക്കാനുള്ള ശാശ്വതപരിഹാരപദ്ധതി തയ്യാറാക്കാനും തീരുമാനിച്ചെങ്കിലും തുടർനടപടികൾ കടലാസിലൊതുങ്ങി.