കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കന് 23 വർഷം കഠിന തടവും 1,10,000 രൂപ പിഴയും. മുട്ടിൽ, വാര്യാട്, പുത്തൻപുരയിൽ വീട്ടിൽ, കെ. കൃഷ്ണൻ (56)നെയാണ് കൽപ്പറ്റ അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക തടവ് ശിക്ഷ അനുഭവിക്കണം. മീനങ്ങാടി പൊലീസ് സ്‌റ്റേഷനിൽ 2019 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നിർണായക വിധി. രണ്ട് വർഷത്തോളം പ്രതി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും, ലൈംഗികാവയവം പ്രദർശിപ്പിക്കുകയും, ഫോണിൽ അശ്ലീല വീഡിയോ കാണിക്കുകയും ചെയിതിരുന്നു. അന്നത്തെ ഇൻസ്‌പെക്ടർ കെ.കെ. അബ്ദുൾ ഷെരീഫ് ആണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ജി. മോഹൻദാസ് ഹാജരായി.