
തിരുവനന്തപുരം: സ്വന്തം മുന്നണിയിലെ ഘടകകക്ഷി നേതാവായ തോമസ് ചാഴിക്കാടനെ നവകേരള സദസിനിടെ അപമാനിച്ചത് മുഖ്യമന്ത്രിയുടെ ഫാസിസ്റ്റ് സമീപനത്തിന് തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവിച്ചു. ഇത്രയും അസഹിഷ്ണുത പുലർത്തുന്ന മുഖ്യമന്ത്രി മലയാളികൾക്ക് അപമാനമാണ്.
38 പാർട്ടികളുള്ള എൻ.ഡി.എയിൽ പ്രധാനമന്ത്രിയും മറ്റ് മുതിർന്ന നേതാക്കളും ബഹുമാനത്തോടെയാണ് ഘടകകക്ഷി നേതാക്കളോട് പെരുമാറുന്നത്. പിണറായിക്ക് മുന്നണി മര്യാദകൾ ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ പെരുമാറ്റത്തിലൂടെ മനസിലാവുന്നത്.
കേരള കോൺഗ്രസിനെ പോലെ കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കാൻ ശേഷിയുള്ള പാർട്ടിയുടെ നേതാവിനെ പരസ്യമായി അപമാനിക്കുന്നത് ജനാധിപത്യവിരുദ്ധമായ സമീപനത്തിന്റെ തെളിവാണ്. സ്വന്തം മുന്നണിയിലെ നേതാക്കളെ പോലും അവഹേളിക്കുന്ന മുഖ്യമന്ത്രി ഗവർണറോട് ഇത്തരത്തിൽ പെരുമാറുന്നതിൽ അത്ഭുതമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.