
തൃശൂർ : പ്രവീൺ റാണയുടെ കൂട്ടാളിയും സേഫ് ആൻഡ് സ്‌ട്രോംഗ് സ്ഥാപനത്തിന്റെ ഡയറക്ടറുമായ ചാവക്കാട് പാലയൂർ അമ്പലമുറ്റം വെള്ളരിക്കാട് സിലിൽ കുമാറിനെ (43) സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി ടി.ആർ.സന്തോഷും സംഘവും അറസ്റ്റ് ചെയ്തു.
പ്രവീൺ മാനേജിംഗ് ഡയറക്ടറും സലിൽകുമാർ ഡയറക്ടറുമായി സേഫ് ആൻഡ് സ്‌ട്രോംഗ് ബിസിനസ് കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സാധാരണക്കാരും നിയമാവബോധം കുറവുള്ളവരുമായ ആളുകളിൽ നിന്നും ഉയർന്ന പലിശ റിട്ടേൺ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് .
പ്രതിക്കെതിരായി സംസ്ഥാനത്തുടനീളം 267 ഓളം കേസുകളുണ്ട്. ഇയാൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. ഇയാളിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്തു. ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ കൃഷ്ണൻകുട്ടി, എസ്.ഐമാരായ ബാബുരാജ്, സിനീയർ സി.പി.ഒമാരായ നന്ദഗോപാൽ, അനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.