
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കനത്ത മഴ തുടരുന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം മഴവെള്ളം കയറി. കഴിഞ്ഞദിവസം രാത്രി ആരംഭിച്ച മഴ ഇന്നലെ രാത്രി വൈകിയും തുടർന്നു. അഞ്ചുഗ്രാമം പൊലീസ് സ്റ്റേഷനുളിലും വെള്ളം കയറി. നാഗർകോവിൽ കോർപ്പറേഷനിലെ റെയിൽവേ കോളനി സ്ട്രീറ്റിലെ വീടുകളിൽ വെള്ളം കയറിയതിനാൽ ജില്ലാ ഭരണകൂടം ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. മഴവെള്ളം കയറിയ സ്ഥലങ്ങളിൽ മന്ത്രി മനോതങ്കരാജ് പരിശോധന നടത്തി. പേച്ചിപ്പാറ, പെരുഞ്ചാണി ഡാമുകളിൽ നിന്ന് ഉപരിജലം തുറന്നു വിട്ടതിനാൽ താമ്രഭരണി നദി കരയോരം വസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ശ്രീധർ അറിയിച്ചു. കന്യാകുമാരി ജില്ലയിൽ മഴയെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.