തിരുവനന്തപുരം: 'മഴ പെയ്തു തുടങ്ങിയപ്പോഴെ മനസ് പിടച്ചു. കഴിഞ്ഞ മഴയിൽ വീട്ടുപകരണങ്ങൾ എല്ലാം കേടായി. ഇക്കുറി വീട്ടിനുള്ളിൽ വെള്ളം കയറിയില്ല ' ഗൗരീശപട്ടം സ്വദേശി അനിലിന്റെ വാക്കുകൾ. ഞായറാഴ്ച പുലർച്ചെ മുതൽ വൈകിട്ട് വരെ നിറുത്താതെ പെയ്ത മഴ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും നഗരത്തിന്റെ 'മഴപ്പേടി' ഒഴിഞ്ഞിട്ടില്ല. മഴ തുടങ്ങിയപ്പോഴെ ചിലർ സാധനങ്ങൾ മുകളിലത്തെ നിലയിലേയ്ക്ക് മാറ്റി. കണ്ണമ്മൂല, നെല്ലിക്കുഴി, ജഗതി എന്നിവിടങ്ങളിലും പതിവായി വെള്ളം കയറുന്ന കരമന കാലടി മേഖലയിലുള്ള ചിലർ ബന്ധുവീടുകളിലേയ്ക്ക് മാറി. തിരുമല, പൂജപ്പുര, കരമന എന്നിവിടങ്ങളിൽ ഇടയ്ക്ക് വൈദ്യുതി തടസപ്പെട്ടു. വള്ളക്കടവിന് സമീപം പുത്തൻപാലത്ത് സംഗമം റസിഡന്റ്സ് അസോസിയേഷനിലെ ആളൊഴിഞ്ഞ പറമ്പിലെ വലിയ മരം കെ.എസ്.ഇ.ബി ലൈനിന് മുകളിലേക്ക് കടപുഴകി. ഇത് ഒന്നര മണിക്കൂർ ഗതാഗതതടസം സൃഷ്ടിച്ചു. ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നൗഷാദിന്റെ നേതൃത്വത്തിൽ ശരത് ഷമീം, ഷെറിൻ ഹരികുമാർ എന്നിവരെത്തി മരം മുറിച്ചുമാറ്റി. കരമന കാലടി മേഖലയിൽ കരമനയാറ്റിലെ വെള്ളം റോഡിലേക്ക് കയറി കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടായി. കാലടി വാർഡിലെ 60 ശതമാനം പ്രദേശത്തും വെള്ളക്കെട്ട് ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസം കണ്ണമ്മൂല ഓട വൃത്തിയാക്കിയിരുന്നു. അന്നെടുത്ത ചെളി മഴ പെയ്തതോടെ വീണ്ടും ഓടയിലേക്ക് ഒലിച്ചുപോയി.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കിയതോടെ നെല്ലിക്കുഴിയിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളം പൊങ്ങിയെങ്കിലും വീടുകളിലൊന്നും കയറിയിട്ടില്ല. കേരളകൗമുദി വാർത്തയെ തുടർന്ന് ചെളി നീക്കം ചെയ്യുന്നതിനൊപ്പം തോടിനിരുവശത്തും സംരക്ഷണഭിത്തി കെട്ടാനും തുടങ്ങി. ചെളി നീക്കിയതോടെ വെള്ളക്കെട്ടിന് പരിഹാരമുണ്ടെന്നും തോടിന്റെ ഒഴുക്ക് സുഗമമായെന്നും പരിസരവാസികൾ പറയുന്നു.
റോഡ് നന്നാവണം
മഴ പെയ്തതോടെ തൈക്കാട് എം.ജി.രാധാകൃഷ്ണൻ റോഡ്, ഉപ്പിടാംമൂട്-ഓവർബ്രിഡ്ജ് റോഡ്, ഉപ്പിടാംമൂട്-പുളിമൂട് റോഡ് എന്നിവിടങ്ങളിൽ നടക്കുന്ന സ്മാർട്ട് സിറ്റിയുടെ ഓട നിർമ്മാണവും ഡ്രെയിനേജിന്റെ പണിയും അവതാളത്തിലായി. ഇടറോഡുകളിലും മെയിൻറോഡുകളിലും നടക്കുന്ന നിർമ്മാണങ്ങൾ അസൗകര്യം സൃഷ്ടിക്കുന്നതായി ജനങ്ങൾ പരാതിപ്പെടുന്നു. സ്റ്രാച്യു-ജനറൽ ഹോസ്പിറ്റൽ റോഡിലും തൈക്കാട് പൗണ്ട് റോഡിലും പണി നടക്കുകയാണ്.