
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ അതിക്രമത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിച്ച് എസ്കോർട്ട് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥൻ. ഗോപീകൃഷ്ണൻ.എം.എസ് എന്ന പൊലീസുകാരനാണ് പ്രകോപനമുണ്ടാക്കുന്ന കമന്റിട്ടത്.
നവകേരള സദസുമായി ബന്ധപ്പെട്ട് കുമ്മിൽ ഷമീർ എന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ, വണ്ടിവരുമ്പോൾ കടയ്ക്കലിൽ തടഞ്ഞുനോക്ക്. എല്ലാ മറുപടിയും അന്ന് തരാം എന്നായിരുന്നു കമന്റ്. വിവാദമായതോടെ ഗോപീകൃഷ്ണൻ കമന്റ് ഡിലീറ്റ് ചെയ്തു. കടയ്ക്കൽ സ്വദേശിയാണ് ഇയാൾ.
നവകേരള സദസിന്റെ യാത്രക്കിടെ പ്രതിഷേധിക്കുന്നവരെ പ്രാദേശിക പാർട്ടി പ്രവർത്തകർക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിയുടെ ഗൺമാൻമാരുൾപ്പെടെയുള്ളവർ ലാത്തിക്ക് അടിച്ചൊതുക്കുന്നത് വിവാദമായിരുന്നു. ഭിന്നശേഷിക്കാരെ ഉൾപ്പെടെ മർദ്ദിച്ചത് ചർച്ചയായിരുന്നു.