
കല്ലമ്പലം: കടുത്ത പ്രമേഹ രോഗിയും ഒരു കാല് മുറിച്ചു മാറ്റപ്പെടുകയും ചെയ്ത നിർദ്ധനനായ ഗൃഹനാഥൻ പറക്കമുറ്റാത്ത മൂന്ന് മക്കൾക്ക് ഒരു നേരത്തെ ആഹാരത്തിനായി സുമനസുകളുടെ സഹായം തേടുന്നു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ കയ്പ്പോത്തുകോണം വീട്ടിൽ ഷൈജു (37) വും ഭാര്യ സുനിത (30)യുമാണ് പറക്കമുറ്റാത്ത മൂന്ന് മക്കൾക്ക് ഒരു നേരത്തെ ആഹാരത്തിനും മാതാവിന്റെ ചികിത്സയ്ക്കുമായി സുമനസുകളുടെ സഹായം തേടുന്നത്. കുടുംബ ഓഹരിയായി കിട്ടിയ ഒന്നര സെന്റ് ഭൂമിയിൽ ടാർപ്പയും ചാക്കും കൊണ്ട് മറച്ച് ചോർന്നൊലിയ്ക്കുന്ന കൂരയ്ക്കുള്ളിൽ 6 വയറുകൾ കഴിയുന്നത് നാട്ടുകാരുടെ സഹായത്തോടെയാണ്.
കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ഷൈജുവിന്റെ വലതുകാലിൽ ജോലിയ്ക്കിടെ ചെറിയ മുറിവ് പറ്റുകയും പ്രമേഹ രോഗം കാരണം മുറിവ് വ്രണമാകുകയും 8 മാസം മുൻപ് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ കാൽ മുട്ടിനു മുകളിൽ വച്ച് മുറിച്ചുമാറ്റുകയും ചെയ്തു. ഇതോടെ രോഗിയായ മാതാവ് ശാന്ത (75), മക്കളായ നാവായിക്കുളം ഗവ.യു.പി.എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വൈഷ്ണവ്, എൽ.പി.എസിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന വൈശാഖ്, അങ്കണവാടിയിൽ പഠിക്കുന്ന മൂന്നു വയസുകാരി വൈശാലി, ആസ്മ രോഗിയായ ഭാര്യ എന്നിവരടങ്ങുന്ന ആറംഗ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി.
ശാന്തയ്ക്ക് വല്ലപ്പോഴും ലഭിയ്ക്കുന്ന വാർദ്ധക്യ പെൻഷനാണ് ഈ കുടുംബത്തിന്റെ ഏകവരുമാനം. ഷൈജുവിന്‍ ഇനിയും വികലാംഗ പെൻഷൻ അനുവദിച്ചിട്ടില്ല. മക്കളുടെ വിദ്യാഭ്യാസം, ചോർന്നൊലിയ്ക്കാത്ത കെട്ടുറപ്പുള്ള ഒരു വീട് ഇതാണ് ഷൈജുവിന്റെ കൊച്ചു സ്വപ്നം. ഇതിനായി ഈ കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്. ഷൈജുവിന്റെ പേരിൽ ഐ.ഒ.ബി ബാങ്കിന്റെ നാവായിക്കുളം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. SHAIJU.S, A/C :076501000088005, IFSC: IOBA0000765. ഫോൺ: 8590978103.