1

വിഴിഞ്ഞം: ബ്രിട്ടീഷ് ദ്വീപ സമൂഹമായ ഡീഗോ ഗാർഷ്യയിൽ അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് ബ്രിട്ടീഷ് നേവി നവംബ‌ർ 6ന് പിടികൂടിയ പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിഴ ഈടാക്കി വിട്ടയച്ചു. ഒരാൾ തമിഴ്നാട്ടുകാരനാണ്. മറ്റുള്ളവർ ജാർഖണ്ഡ്, ആസാം സ്വദേശികളും. കോസ്റ്റ്ഗാ‌ഡിന് കൈമാറിയ ഇവരെ ഇന്നലെ രാവിലെ വിഴിഞ്ഞത്ത് എത്തിച്ചു. 60 ലക്ഷത്തോളം രൂപ പിഴ അടയ്ക്കാത്തതിനാൽ ബോട്ട് വിട്ടു നൽകിയില്ല. പിഴ അടയ്‌ക്കാൻ ജനുവരി 11 വരെ സമയം അനുവദിച്ചു.

തമിഴ്നാട് തുത്തൂർ സ്വദേശി ബോസ്‌കോ ജെറിൻ ചാൾസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി പട്രോൾ കപ്പലായ ഗ്രാംപിയൻ എൻഡ്യൂറൻസിൽ കഴിഞ്ഞ ദിവസം അർധരാത്രി സമുദ്രാതിർത്തിയിൽ എത്തിച്ചു. കോസ്റ്റ് ഗാർഡിന്റെ സി 427 പട്രോൾ കപ്പൽ ഇവരെ ഏറ്റുവാങ്ങി. കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ ജി.ശ്രീകുമാർ, ഓപ്പറേഷൻസ് ഓഫീസർ റോഡ്രിക്‌സ്, സി.427 സി.ഇ.ഒ പരംജിത് സിംഗ് എന്നിവരുടെ സംഘമാണ് ഇവരെ വിഴിഞ്ഞത്ത് എത്തിച്ചത്. സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്ത ശേഷം തമിഴ്നാട് ഫിഷറീസ് അധികൃതർക്ക് കൈമാറി.

സെപ്തംബർ 26ന് ബ്രിട്ടീഷ് നാവികസേന അറസ്റ്റ് ചെയ്ത 32 മത്സ്യത്തൊഴിലാളികളെ കഴിഞ്ഞ മാസം വിഴിഞ്ഞത്ത് എത്തിച്ച് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇവരുടെ രണ്ട് ബോട്ടുകൾക്ക് 20 ലക്ഷം രൂപ വീതം പിഴ ചുമത്തി. പിഴ അടയ്ക്കാത്ത ഒരു ബോട്ട് പിടിച്ചെടുത്തിരുന്നു. 47 ദിവസത്തോളം ഇവർ തടവിലായിരുന്നു.