തിരുവനന്തപുരം: വണ്ടിപ്പെരിയാറിലെ കൊലപാതകക്കേസ് പൊലീസ് അട്ടിമറിച്ചെന്നാരോപിച്ച് മഹിളാ കോൺഗ്രസ് ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഒന്നിലേറെ തവണ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.

പലതവണ പ്രവർത്തകർ ബാരിക്കോഡ് മറികടക്കാൻ ശ്രമിച്ചു. പ്രവർത്തകരിൽ ചിലർ ബാരിക്കോഡിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ.എം.പിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. ബാരിക്കേഡിന് അരികിലൂടെ പ്രവർത്തകർ ഓഫീസിലേക്ക് കടക്കാൻ ശ്രമിതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ പരിക്കേറ്റ സംസ്ഥാന സെക്രട്ടറി ഷെമി ഷംനാദിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരത്തെ തുടർന്ന് വെള്ളയമ്പലം-വഴുതക്കാട് റോഡിലെ ഗതാഗതം അരമണിക്കൂർ തടസപ്പെട്ടു. ഏറെ നേരത്തെ പ്രതിഷേധത്തിനൊടുവിൽ സമരം താത്കാലികമായി പിരിച്ചുവിടുകയാണെന്നും സി.ബി.ഐ അന്വേഷണം നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്നും ജെബി മേത്തർ എം.പി അറിയിച്ചു.

കെ.പി.സി.സി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്‌തു. വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ പുനരന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേതാക്കളായ മിനിമോൾ.വി.കെ, അനിത.എൽ, രജനി രമാനന്ദ്, വഹിദ, ഗായത്രി.വി.നായർ എന്നിവർ നേതൃത്വം നൽകി.മാർച്ചിൽ നൂറുകണക്കിന് മഹിളാ കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.