തിരുവനന്തപുരം: പാറ്റൂരിൽ യുവാക്കളെ വെട്ടിയ കേസിൽ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു. ഇന്ന് ഇയാളെ വീണ്ടും തിരുവനന്തപുരം അഡി. ചീഫ് ജുഡിഷ്യൽ കോടതിയിൽ ഹാജരാക്കും. ഇന്നലെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഡി.സി.പി നിധിൻ രാജ് പേട്ട സ്റ്റേഷനിലെത്തി ഓംപ്രകാശിനെ ചോദ്യം ചെയ്തു. ഡി.സി.പി ഒറ്റയ്ക്കാണ് ചോദ്യം ചെയ്തത്. അന്വേഷണ സംഘത്തോട് പറഞ്ഞ കാര്യങ്ങളല്ലാതെ കൂടുതലൊന്നും ഇയാൾ പറഞ്ഞിട്ടില്ല. കേസിൽ അന്വേഷണം തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു. നിലവിൽ ഗുഢാലോചന സംബന്ധിച്ച കേസിലാണ് ഓംപ്രകാശിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റെന്തെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. ഓംപ്രകാശിന്റെ ഫോൺ അയാളുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ ഓംപ്രകാശിന്റെ പങ്ക് തെളിയിക്കുന്ന നിർണായക വിവരമടങ്ങിയതാണ് ഫോൺ. ഇത് സൈബർ വിഭാഗം പരിശോധിച്ച് വരികയാണ്. കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ, സുഹൃത്തുക്കളായ ആനാട് പഴകുറ്റി ആദിത്യ, ജഗതി സ്വദേശി പ്രവീൺ, പൂജപ്പുര സ്വദേശി ടിന്റു ശേഖർ എന്നിവരെ വെട്ടിപ്പരിക്കേല്പിച്ചതിന്റെ ഫോട്ടോകൾ ഈ ഫോണിലാണ് പ്രതികൾ ഓംപ്രകാശിന് അയച്ചു നൽകിയത്. ഈ ഫോണിൽ നിന്ന് പ്രതികളെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിലെ കുറേ വിവരങ്ങൾ മായ്ച്ചുകളഞ്ഞിട്ടുണ്ട്.ആ ഫോട്ടോകൾ തിരിച്ച് എടുക്കുന്ന ശ്രമത്തിലാണ് സൈബർ വിഭാഗം.ചിത്രങ്ങളടക്കം തിരികെ സൈബർ സെല്ലിന് ലഭിച്ചാലെ പൊലീസിന് ഓംപ്രകാശിനെതിരെ ശക്തമായ തെളിവുണ്ടാക്കാൻ സാധിക്കൂ.ഒരു മാസത്തിനകം കേസിന്റെ കുറ്റപത്രം പൊലീസ് സമർപ്പിക്കും. പേട്ട എസ്.എച്ച്.ഒ സാബുവിനാണ് അന്വേഷണത്തിന്റെ നേതൃത്വം .