തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സന്ദർശനത്തിന് ജില്ലയിലെ മണ്ഡലങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. 20ന് വർക്കല മണ്ഡലത്തിൽ നിന്നാരംഭിക്കുന്ന നവകേരള സദസ് 23ന് തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ സദസോടെയാണ് സമാപിക്കുന്നത്. നിവേദനം നൽകുന്നതിനായി കൗണ്ടറുകളുണ്ടാകും. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളുണ്ട്.
20 വൈകിട്ട് 6ന് വർക്കല മണ്ഡലത്തിൽ ജില്ലയീലെ ആദ്യ നവകേരളസദസ് നടക്കും. ശിവഗിരി മഠം ഓഡിറ്റോറിയമാണ് വേദി . 21 രാവിലെ 9 ന് മാമം പൂജ കൺവെൻഷൻ സെന്ററിലാണ് ജില്ലയിലെ ആദ്യ പ്രഭാതയോഗം. വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ പ്രമുഖവ്യക്തികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വികസന ആശയങ്ങൾ പങ്കുവയ്ക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. രാവിലെ 11ന് തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ് . മൂന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ നവകേരള സദസ് മാമം ഗ്രൗണ്ടിലും, 4.30ന് വാമനപുരം മണ്ഡലത്തിലെ സദസ് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിലും. വൈകിട്ട് 6 ന് നഗരസഭാ പാർക്കിങ് ഗ്രൗണ്ടിൽ നെടുമങ്ങാട് മണ്ഡലത്തിലെ ജനങ്ങളുമായും സംവദിക്കും. 22ന് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗം. അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം . രാവിലെ 11ന് അരുവിക്കര മണ്ഡലത്തിൽ നിന്ന് നവകേരള സദസ് ആരംഭിക്കും. ആര്യനാട് പാലേക്കോണം വില്ലനസ്രത്ത് സ്‌കൂൾ ഗ്രൗണ്ടാണ് വേദി. വൈകിട്ട് 3 ന് കാട്ടാക്കട മണ്ഡലത്തിലെ സദസ് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ . വൈകിട്ട് 4.30ന് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് മണ്ഡലത്തിലെ നവകേരള സദസ്. വൈകിട്ട് 6 ന് കാരക്കോണം മെഡിക്കൽ കോളേജിൽ പാറശാല നവകേരള സദസ് .
23ന് കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് നവകേരള സദസ് . രാവിലെ 9 ന് മണ്ഡലങ്ങളുടെ പ്രഭാതയോഗം ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 11ന് കോവളം മണ്ഡലത്തിൽ നവകേരള സദസ്. വിഴിഞ്ഞം പെട്രോൾ പമ്പിന് സമീപമുള്ള ഗ്രൗണ്ടാണ് വേദി. വൈകിട്ട് 3 ന് നേമം മണ്ഡലത്തിലെ സദസ് പൂജപ്പുര ഗ്രൗണ്ടിലും വൈകിട്ട് 4.30ന് കഴക്കൂട്ടം മണ്ഡലത്തിലെ സദസ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലുമാണ്. വട്ടിയൂർക്കാവ് പോളിടെക്നിക് കോളേജിലാണ് നവകേരള സദസവസാനിക്കുന്നത്. സദസിനോടനുബന്ധിച്ച് മെഗാ തൊഴിൽമേള, അക്ഷരദീപ പ്രതിജ്ഞ, കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിക്കുന്ന ഭക്ഷ്യമേള, വിപണന മേളകൾ, നവകേരള ചായപീടിയ, സാംസ്‌കാരിക സദസ്, കലാപരിപാടികൾ തുടങ്ങിയവ വിവിധ മണ്ഡലങ്ങളിൽ നടന്നുവരുന്നു.