
തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ജെഎൻ വൺ വ്യാപനത്തിന്റെ ഭാഗമായി കേരളത്തിൽ കേസുകളിൽ വർദ്ധന. നവംബർ രണ്ടാംവാരം മുതൽ ആരംഭിച്ച വൈറസിന്റെ വ്യാപനം ക്രമേണ ഉയരുകയാണ്. നിലവിൽ 1523 പേർ ചികിത്സയിലുണ്ട്. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച 302 പേരാണ് കൊവിഡ് ബാധിതരായത്. മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. വാക്‌സിനെടുത്തവരിൽ വൈറസ് പൊതുവേ അപകടകരമാകില്ല. എന്നാൽ പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗർഭിണികളിലും ഗുരുതരമായേക്കാം.
പകർച്ചപ്പനി ബാധിച്ച് ദിവസേന ആശുപത്രികളിൽ ചികിത്സതേടുന്ന 10,000ലധികം പേരിൽ അതിയായ ക്ഷീണവും തളർച്ചയും ശ്വാസതടസവും അനുഭവപ്പെടുന്നവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇവരിൽ നിന്നാണ് ഇത്രയധികം കേസുകൾ കണ്ടെത്തുന്നത്. രാജ്യത്ത് കേരളത്തിൽ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളവരിലെങ്കിലും കൊവിഡ് പരിശോധിക്കുന്നത്. മറ്റൊരിടത്തും പരിശോധന പേരിനുപോലുമില്ല. രാജ്യത്ത് ശനിയാഴ്ച 335 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 302ഉം കേരളത്തിലായത് ഈ സാഹചര്യത്തിലാണ്.
ലോകവ്യാപകമായി കൊവിഡ് വ്യാപനത്തിൽ വർദ്ധനവുണ്ട്. അമേരിക്കയിലും സിംഗപ്പൂരിലും അതിവ്യാപനമാണിപ്പോൾ. അമേരിക്കയിൽ 23000ത്തോളം പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവരെല്ലാം 60 വയസിന് മുകളിലുള്ളവരാണ്.
വാക്സിനെടുത്തവരിൽ ഗുരുതരമാകില്ല
നിലവിൽ കൊവിഡ് ബാധിക്കുന്നവരിൽ അപ്പർ റെസ്‌പറേറ്ററി ഇൻഫക്ഷനാണ് കാണപ്പെടുന്നത്. വാക്സിൻ എടുത്തവരിൽ ശക്തമായ ചുമ,തെണ്ടയിലെ അസ്വസ്ഥത തുടങ്ങിയവയിൽ ഇത് അവസാനിക്കും. അല്ലാത്തവരിൽ ലോവർ റെസ്പറേറ്ററി ഇൻഫക്ഷനായി മാറി ഗുരുതരമായ അവസ്ഥയിലേക്ക് എത്തിയേക്കാം.
വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുണ്ട്.
-എൻ.സി.കൃഷ്ണപ്രസാദ്
കൊവിഡ് ഡാറ്റ അനലിസ്റ്റ്
കഴിഞ്ഞ ഒരാഴ്ചത്തെ
കൊവിഡ് കേസുകൾ
16ന് ................................................. 302
15ന്.................................................. 298
14ന്.................................................. 280
13ന്...................................................207
12ന്...................................................230
11ന്....................................................128
10ന്...................................................109