1

തിരുവനന്തപുരം: തീരദേശ ടൂറിസത്തിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് സജ്ജമാക്കുന്ന ഫ്ലോട്ടിംഗ് ബ്രിഡ്ജ് തിരുവനന്തപുരത്തും. ജില്ലയിൽ വർക്കല ബീച്ചിലാണ് ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സജ്ജമാക്കിയത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

100 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ്. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റർ നീളത്തിലും ഏഴുമീറ്റർ വീതിയിലുമായി കാഴ്ചകൾ കാണാനുള്ള പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് സന്ദർശകർക്ക് കടൽ കാഴ്ചകൾ ആസ്വദിക്കാം. ഇരുവശത്തും തൂണുകളുൾപ്പെടെ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനമുണ്ടാകും. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തിനെ ഉറപ്പിച്ചുനിറുത്തിയിരിക്കുന്നത്.1400ഓളം ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് ബ്ലോക്കുകൾ ചേർത്തുറപ്പിച്ചാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ നിർമ്മിതി. കൂടാതെ ഫൈബറും നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ സ്വകാര്യ സംരഭകരാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമ്മിച്ചത്. നിശ്ചിത നിരക്ക് ഈടാക്കിയാണ് പാലത്തിലേക്കുള്ള പ്രവേശനം.സംസ്ഥാനത്ത് കടൽത്തീരമുള്ള ഒമ്പത് ജില്ലകളിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആരംഭിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുൻപ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിവിധ ജില്ലകളിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമ്മിച്ചുവരുന്നത്.