തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും. ദീർഘനേരം നിൽക്കുന്ന ശക്തികുറഞ്ഞ മഴയാകും ലഭിക്കുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ല. ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ കാറ്റ് ശക്തമാകുന്നതിനാലാണ് മഴ ലഭിക്കുന്നത്. കാറ്രിന്റെ ശക്തി കുറഞ്ഞ് തമിഴ്നാട് ഭാഗത്തേക്ക് നീങ്ങുന്നതിനാൽ രണ്ടുദിവസം കഴിഞ്ഞ് മഴ കുറയും.
ഇന്നലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു. തിരുവനന്തപുരത്ത് ശനിയാഴ്ച പുലർച്ചെ രണ്ടിന് ആരംഭിച്ച മഴ ഇന്നലെ വൈകിട്ടുവരെ തുടർന്നു. മലയോര മേഖലകളിൽ മഴ ശക്തിപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.