p

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ഭർത്താവിന്റെ കുടുംബം സപ്ലൈ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ച് റേഷൻ കാർഡ് നേടിയെടുത്തെന്ന പരാതിയിൽ സിവിൽ സപ്ലൈസ് ഡയറക്ടർ അന്വേഷണം നടത്തണമെന്ന് വിവരാവകാശ കമ്മിഷൻ. ഇതു സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയ്ക്ക് മറുപടി നൽകാത്തതിന് ഇടുക്കി ദേവികുളം സപ്ലൈ ഓഫീസർ കുറ്റക്കാരനാണെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൾ ഹക്കീം ഉത്തരവിട്ടു. വിശദീകരണമുണ്ടെങ്കിൽ 22നകം രേഖാമൂലം നൽകണം..
ഇടുക്കി ദേവികുളം സ്വദേശി എ. കലൈ ശെൽവമാണ് പരാതിക്കാരി. തന്റെ ഭർത്താവിന്റെ കുടുംബം സാമ്പത്തിക ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സപ്ലൈ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ച് റേഷൻ കാർഡ് നേടിയെടുത്തെന്നാണ് പരാതി. ഭർത്താവിന്റെ ജേഷ്ഠ്യന്റെ കുടുംബത്തിന് കേരളത്തിലും തമിഴ്നാട്ടിലുമായി രണ്ട് റേഷൻ കാർഡുണ്ട്. ഭർത്താവിന്റെ ജ്യേഷ്ഠന്റെ അപകട മരണത്തിനു ശേഷം സാമ്പത്തിക ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ വേണ്ടിയാണ് കേരളത്തിൽ റേഷൻ കാർഡ് നേടിയെടുത്തത്..ഭർത്താവിന്റെ പേരിലുള്ള റേഷൻ കാർഡിൽ അദ്ദേഹത്തിന്റെ സഹോദര ഭാര്യയുടെയും മകന്റെയും പേര് ഒഴിവാക്കിയിരുന്നെങ്കിലും വീണ്ടും കൂട്ടിച്ചേർക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലുണ്ടായ അപകടത്തിൽ ഭർത്താവിന്റെ ജേഷ്ഠ്യൻ മരിച്ച വിവരം വെളിപ്പെടുത്താതെയാണിത്. തമിഴ്നാട്ടിലെ റേഷൻ കാർഡ് റദ്ദാക്കിയെന്ന് അവകാശപ്പെട്ടാണ് ഭർത്താവിന്റെ ജ്യേഷ്ഠന്റെ കുടുംബം കേരളത്തിൽനിന്ന് റേഷൻ കാർഡ് നേടിയത്. ഇത് തെറ്റാണെന്നും തമിഴ്നാട്ടിലെ റേഷൻ കാർഡ് റദ്ദാക്കിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

കേരളത്തിലെ റേഷൻ കാർഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സപ്ലൈ ഓഫീസർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്ന് വിവരാവകാശ നിയമ പ്രകാരം പരാതിയുടെ സ്ഥിതി അറിയാൻ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വിവരാവകാശ കമ്മിഷണർക്ക് പരാതി നൽകിയത്.