വിതുര: നാട്ടിൻപുറത്തെ അപേക്ഷിച്ച് മലയോര വനമേഖയിൽ മഴ കോരിച്ചൊരിയുന്നു. പൊൻമുടി, ബോണക്കാട്, പേപ്പാറ, കല്ലാർ വനാന്തരങ്ങളിൽ രണ്ട് ദിവസമായി ശക്തമായ മഴയാണ് പെയ്തിറങ്ങുന്നത്. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച മഴ ഞായറാഴ്ച വൈകിട്ട് വരെ തിമിർത്തു പെയ്തു. ഇതോടെ നദികളിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നു. വനത്തിൽ നിന്നും പാറകളും മരങ്ങളും നദികളിലേക്ക് ഒഴുകിയെത്തി. താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിൽമുങ്ങി. പൊൻമുടി-നെടുമങ്ങാട് സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളും വെള്ളത്തിനടിയിലായി. ഇതോടെ ഗതാഗത തടസവും നേരിട്ടു. മഴയെ തുടർന്ന് ഗ്രാമീണമേഖലയിലെ റോഡുകളും താറുമാറായി. പൊൻമുടി റോഡിൽ രണ്ടിടങ്ങളിൽ നേരിയതോതിൽ മണ്ണിടിച്ചിലുമുണ്ടായി. കാറ്റത്ത് മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് ഇലക്ട്രിക് ലൈനുകളും തകർന്നു. മഴയെ തുടർന്ന് മിക്ക മേഖലകളിലും മണിക്കൂറുകളോളം വൈദ്യുതി തടസവും നേരിട്ടു. വൈദ്യുതിവകുപ്പിനും കനത്തനഷ്ടമുണ്ട്. ആദിവാസിമേഖലകളിലും കനത്തമഴയാണ്. ബോണക്കാട്, കല്ലാർ, പേപ്പാറ മേഖലകളിൽ വീടുകൾക്കും കേടുപാടുണ്ടായി. വിതുര കരമ്പനടിയിൽ വീടിന്റെ സംരക്ഷണഭിത്തി മഴയത്ത് തകർന്നു വീണു.
പേപ്പാറഡാം തുറന്നു
പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴപെയ്തതിനെ തുടർന്ന് ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ടാകുകയും ജലനിരപ്പ് ഗണ്യമായി ഉയരുകയും ചെയ്തു. ഇതോടെ ഡാമിലെ നാല് ഷട്ടറുകളും പത്ത് സെന്റീമീറ്റർ വീതം ഉയർത്തി. മഴ കനത്താൽ വീണ്ടും ഉയർത്താനാണ് തീരുമാനം. നെയ്യാർ ഡാമിന്റെ ഷട്ടറുകളും മഴയെ തുടർന്ന് ഉയർത്തിയിട്ടുണ്ട്. പരിസരവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.