
വിഴിഞ്ഞം: വിഴിഞ്ഞം വാണിജ്യ തുറമുഖത്തിന് സ്ഥിരമായി ഐ.എസ്.പി.എസ് കോഡ് ലഭിച്ചതോടെ ക്രൂചെയ്ഞ്ച് പുനരാരംഭിക്കാനുള്ള സാദ്ധ്യതകൾ തെളിയുന്നു. അഞ്ചുവർഷത്തേക്കാണ് അംഗീകാരം. അന്താരാഷ്ട്ര കപ്പൽ സർവീസ് നടത്തണമെങ്കിൽ ഈ കോഡ് നിർബന്ധമാണ്.
നേരത്തെ ആറ് മാസത്തേക്ക് താത്കാലികമായി കോഡ് ലഭിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിംഗ് നിലച്ചിട്ട് ഒന്നരവർഷമായി. സർക്കാരിന് വൻ വരുമാനം ലഭിച്ചിട്ടും ക്രൂ ചെയ്ഞ്ച് നിറുത്തലാക്കിയതിൽ പ്രതിഷേധമുയർന്നിരുന്നു. 2020 ജൂൺ 15നാണ് വിഴിഞ്ഞത്ത് ആദ്യമായി ക്രൂ ചെയ്ഞ്ചിംഗിനായി കപ്പൽ അടുത്തത്. എന്നാൽ കഴിഞ്ഞ വർഷം ഇവിടെ ക്രൂ ചെയ്ഞ്ചിംഗ് നടത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. സർക്കാരിന് വരുമാന സാദ്ധ്യതയും രാജ്യാന്തര തുറമുഖം പണി പൂർത്തിയാകുന്നതോടനുബന്ധിച്ചും സംസ്ഥാന സർക്കാർ താത്പര്യമെടുത്ത് വിഴിഞ്ഞത്തിന് സുരക്ഷാ കോഡ് നൽകി.
തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് സേഫ്ടി കോഡ് (ഐ.എസ്.പി.എസ് കോഡ്) ലഭിച്ചതോടെ തുറമുഖവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളുടെ വേഗം വർദ്ധിപ്പിക്കും. 13 വർഷത്തെ നിരന്തര പരിശ്രമഫലമായാണ് കൊല്ലത്തിന് പിന്നാലെ വിഴിഞ്ഞത്തിനും സുരക്ഷാകോഡ് ലഭിക്കുന്നത്.
കനത്ത സുരക്ഷ
ഐ.എസ്.പി.എസ് കോഡ് ലഭ്യമാകുന്നതിനുള്ള നടപടിയുടെ ഭാഗമായി വാർഫിൽ 16 സി.സി ടിവി കാമറകൾ സ്ഥാപിച്ചിരുന്നു. കോഡ് ലഭ്യതയുടെ മറ്റ് മാനദണ്ഡങ്ങളായ മതിൽ,സുരക്ഷാവേലി,സുരക്ഷാവിളക്കുകൾ എന്നിവയും നേരത്തെ സ്ഥാപിച്ചിരുന്നു. ബൂം വാരിയർ ഉൾപ്പെടെയുള്ളവ സ്ഥാപിച്ചു. കൊവിഡ് പ്രതിസന്ധിക്കാലത്ത് ലോകത്തെ മറ്റ് തുറമുഖങ്ങളിൽ ക്രൂ ചെയ്ഞ്ചിംഗിന് അനുമതി നിഷേധിച്ചപ്പോഴാണ് നിയന്ത്രിത ക്രൂ ചെയ്ഞ്ചിംഗ് എന്ന നിലയിൽ വിഴിഞ്ഞം തുറമുഖത്തിന് അനുമതി കിട്ടിയത്.
പദവിയും നേടി
ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്ന് 2020-22 കാലയളവിൽ 736 മദർ വെസലുകളും സൂപ്പർ ടാങ്കറുകളും ഇവിടെ ക്രൂ ചെയ്ഞ്ചിനായി അടുത്തിരുന്നു.10 കോടിയിൽപ്പരം രൂപ തുറമുഖവകുപ്പിന് വരുമാനമായും ലഭിച്ചു. ഇതോടെ സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖത്തിന് രാജ്യാന്തര ക്രൂ ചെയ്ഞ്ച് ആൻഡ് ബങ്കറിംഗ് പദവി നൽകി.
ക്രൂ ചെയ്ഞ്ചിംഗ് തുടങ്ങിയതോടെ നഗരത്തിലേതുൾപ്പെടെ വിവിധ ഹോട്ടലുകൾക്ക് വരുമാനം ലഭിച്ചിരുന്നു.
12500 ജീവനക്കാരാണ് വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് നടത്തി മടങ്ങിയത്.
ക്രൂ ചെയ്ഞ്ചിനായി ഇവിടെ കപ്പൽ നങ്കൂരമിടുന്ന സമയത്തൊക്കെ കപ്പൽ ജീവനക്കാർ അവശ്യ സാധനങ്ങൾ
വിഴിഞ്ഞത്തു നിന്ന് വാങ്ങിയിരുന്നു. ഇത്തരത്തിലും വരുമാനം കിട്ടി.
ഇപ്പോഴും നിരവധി ഏജൻസികൾ ഇവിടെ ക്രൂ ചെയ്ഞ്ചിംഗ് തുടങ്ങുന്നതും കാത്തിരിക്കുകയാണ്. കപ്പൽ ചാലിനോട് വളരെയടുത്തും കരയോടടുത്ത ആഴക്കൂടുതലും തിരക്ക് കുറവുമാണ് വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിംഗ് നടത്താൻ കപ്പൽ ഏജൻസികൾക്ക് താത്പര്യക്കൂടുതൽ. ഷിപ്പിംഗ് കമ്പനികൾക്ക് സമയലാഭം ഉണ്ടാകുമെന്നതാണ് ഏറ്റവും വലിയ നേട്ടമായി പറയുന്നത്.