തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ദേശീയപാത അതോറിട്ടിയുടെ മൂന്ന് സുപ്രധാന പദ്ധതികൾക്ക് പുതുവർഷത്തിൽ തുടക്കമാകും. ഈഞ്ചയ്ക്കൽ ഫ്ളൈ ഓവർ,​തിരുവല്ലത്തെ സർവീസ് പാലം,​ആനയറ അണ്ടർപാസ് എന്നിവയാണ് പുതുവർഷ സമ്മാനമായി ലഭിക്കുക. ഈ മൂന്ന് പദ്ധതികളും ജനുവരിയിൽ ടെൻഡർ വിളിച്ച് മാർച്ചിൽ നിർമ്മാണം തുടങ്ങുന്ന രീതിയിലാണ് ദേശീയപാത അതോറിട്ടി കാര്യങ്ങൾ നീക്കുന്നത്. തിരുവല്ലത്ത് സർവീസ് റോഡിനായാണ് പുതിയ പാലം നിർമ്മിക്കുന്നത്.10 കോടി രൂപ ചെലവിട്ട് അമ്പലത്തറ റോഡിനെയും തിരുവല്ലം ജംഗ്ഷനെയും ബന്ധിപ്പിച്ച് കരമനയാറിനു കുറുകേയാണ് കടന്നുപോകുക. ഇപ്പോഴുള്ള പാലത്തിന് സമാന്തരമായാണിത്. നഗരത്തിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലമാണ് തിരുവല്ലം. മൂന്ന് വർഷത്തിനിടെ നൂറോളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കുമരിച്ചന്ത, അമ്പലത്തറ എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ തിരുവല്ലം ബൈപാസിലെ വൺവേയായ രണ്ടുവരിപ്പാതയിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്.വെള്ളായണി,വെങ്ങാനൂർ,പാച്ചല്ലൂർ, കരുമം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ജംഗ്ഷനിലെത്തി വൺവേയായ ബൈപാസ് കടന്നാണ് അമ്പലത്തറ ഭാഗത്തേക്ക് പോകുന്നത്.കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള വാഹനങ്ങൾ പോകുന്നതും ഇതുവഴിത്തന്നെ.

 ആനയറ അണ്ടർപാസ്

ലോർ‌ഡ്സ് ആശുപത്രിക്കും കരിക്കകത്തിനും ഇടയിലാണ് ആനയറ അണ്ടർപാസ് നിർമ്മിക്കുക.

 ഈഞ്ചയ്ക്കൽ ഫ്ളൈ ഓവർ

ദേശീയപാത 66ൽ ചാക്ക ഫ്ളൈ ഓവർ അവസാനിക്കുന്നിടത്ത് നിന്നാരംഭിച്ച് മുട്ടത്തറ ഓവർപാസിൽ അവസാനിക്കുന്ന നാലു ലൈൻ പാതയാണ് ഈഞ്ചയ്ക്കൽ ഫ്ളൈ ഓവറിൽ. ഫ്ലൈഓവർ യാഥാർത്ഥ്യമാകുന്നതോടെ കോവളം, ​ശംഖുംമുഖം,​വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് കുരുക്കിൽപ്പെടാതെ നഗരത്തിലെത്താനാകും. കഴക്കൂട്ടം - തമിഴ്‌നാട് റൂട്ടിലും യാത്ര സുഖകരമാകും


തിരുവല്ലം പാലം

ചെലവ്: 10 കോടി

റോഡിന്റെ വീതി: 12 മീറ്റർ

നീളം: 110 മീറ്റർ

രണ്ടുവരിപ്പാത

ആനയറ അണ്ടർപാസ്

 ചെലവ് - 30 കോടി

ഈഞ്ചയ്‌ക്കൽ ഫ്ളൈഓവർ

ചെലവ്: 47 കോടി

ചാക്ക ഫ്ളൈ ഓവർ മുതൽ മുട്ടത്തറ വരെ

 നാലുവരിപ്പാത
 9 സ്പാനുകൾ (ഓരോ 25 മീറ്ററിലും)​