azhoorkada

മുടപുരം: കായൽ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ പ്രയോജനപ്പെടുത്താവുന്ന സ്ഥലമാണ് അഴൂർ കടവ്. കുട്ടികളുടെ പാർക്കും വിശ്രമകേന്ദ്രവും മത്സ്യ വിപണനം പരിപോഷിപ്പിക്കുന്നതിനായി മത്സ്യ ലേലപ്പുര നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യം ഉന്നയിച്ച് അഴൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുര ഇന്ന് നടക്കുന്ന ചിറയിൻകീഴ് മണ്ഡലം നവകേരള സദസിൽ നിവേദനം നൽകും.നിരവധി വർഷങ്ങളായി ഈ ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒന്നുപോലും നടപ്പിലാക്കിയിട്ടില്ല.
2009ൽ അഴൂർ കടവ് പാലം ഉദ്‌ഘാടനം ചെയ്തതിനു ശേഷം കായൽക്കാഴ്ച ആസ്വദിക്കാൻ വൈകിട്ട് നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.എന്നാൽ അവർക്ക് ഇരിക്കാനോ സൗകര്യപ്രദമായി കാഴ്ചകൾ കാണാനോ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് നാട്ടുകാർക്ക് കൂടുതൽ തൊഴിൽ അവസരവും കച്ചവട സാദ്ധ്യതയും വർദ്ധിക്കും.അഴൂർകടവ് വികസനത്തിന് അധികൃതർ പദ്ധതി തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അഴൂർ കടവ്

അഴൂരിനും മാടൻവിളയ്ക്കും മദ്ധ്യേ ഒഴുകുന്ന കഠിനംകുളം കായലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന അഴൂർ കടവ് പാലത്തിന് താഴെയുള്ള ഒരു ഹെക്ടറിലേറെ വിസ്തൃതിയുള്ള സ്ഥലത്താണ് വിനോദസഞ്ചാരികൾക്ക് ഉതകുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്.

മത്സ്യവിപണനവും

വൈകിട്ട് വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നുണ്ടെങ്കിലും രാവിലെ മത്സ്യവിപണനവും കടവിൽ നടക്കുന്നുണ്ട്. കടലിൽനിന്നും കായലിൽനിന്നും പിടിക്കുന്ന മത്സ്യങ്ങളുമായി ബോട്ടും വള്ളങ്ങളും ഇവിടെയെത്തുന്നുണ്ട്.

ബോട്ടിലെത്തുന്ന മത്സ്യം മൊത്തമായി വിപണനം ചെയ്ത് മറ്റു വാഹനങ്ങളിൽ കൊണ്ടുപോകും. വള്ളങ്ങളിൽ കൊണ്ടുവരുന്ന മത്സ്യങ്ങൾ ചില്ലറയായി നാട്ടുകാർക്ക് വാങ്ങാനും സൗകര്യമുണ്ട്.

മത്സ്യത്തൊഴിലാളികളുടെ ആവശ്യം

മത്സ്യ വിപണനം വർദ്ധിപ്പിക്കുന്നതിനും അതുവഴി മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ വരുമാനവും തൊഴിലവസരവും ലഭിക്കുന്നതിനുമായി മത്സ്യ ലേലപ്പുര നിർമ്മിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.