
പ്രഭാസിനു മടങ്ങിവരവും പൃഥ്വിരാജിന് അതിഗംഭീര തെലുങ്ക് അരങ്ങേറ്റവും
ബ്രഹ്മാണ്ഡത്തിനു മുകളിൽ എന്ന വിശേഷണമാണ് പ്രഭാസ് - പ്രശാന്ത് നീൽ ചിത്രം സലാറിന് ഏറ്റവും ചേരുക.കെ. ജി .എഫ്, കാന്താര എന്നീ ഭീമാകാരമായ തെലുങ്ക് ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിച്ച സലാർ ലോകമാകെ ചരിത്രം തിരുത്തുമ്പോൾ നീണ്ട കാത്തിരിപ്പ് വെറുതേയായില്ലെന്ന് നിറഞ്ഞ മനസോടെ പ്രേക്ഷകർ . സംവിധായകൻ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ സലാർ മാജിക് ആരംഭിച്ചതാണ്.ബാഹുബലിയായി ലോകമാകെ തരംഗം തീർത്ത പ്രഭാസും കെ.ജി .എഫ് എന്ന ആഗോള സൂപ്പർ ഹിറ്റിന്റെ സംവിധായകൻ പ്രശാന്ത് നീലും ആണ് കൈകോർത്തത്. പ്രഭാസ് ചിത്രങ്ങൾ ബാഹുബലി സീരീസിനുശേഷം ശ്രദ്ധ നേടാതെ ഒന്നിനു പിറകെ ഒന്നായി പോയപ്പോൾ കഥകൾ മെനഞ്ഞവർ ഇപ്പോൾ അപ്രസ്കതരാകുകയും ചെയ്തു. സലാർ പൂർണമായും മാസ് ആക്ഷൻ ത്രില്ലറാണ്. പ്രഭാസിനൊപ്പം സ്ക്രീനിൽ നിറഞ്ഞു മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ്. സലാർ പ്രഭാസിന് തിരിച്ചുവരവെങ്കിൽ പൃഥ്വിരാജിന് നിർണായകമായ വേഷത്തിൽ അതിഗംഭീര തെലുങ്ക് അരങ്ങേറ്റം. മലയാളിയുടെ സലാർ ആവേശത്തിന് പൃഥ്വിരാജ് ഒരു കാരണവുമായിരുന്നു.രണ്ട് ഉറ്റ സുഹൃത്തുക്കളായിരുന്നവർ ബദ്ധ വൈരികളാകുന്നതാണ് സലാർ : പാർട് വൺ സീസ് ഫയർ എന്ന ആദ്യ ഭാഗം. സലാറായി പ്രഭാസ്. വരധരാജ മന്നാർ എന്ന കഥാപാത്രമായി പൃഥ്വിരാജ് മാസ് ഡയലോഗും പ്രകടനവും കൊണ്ട് പെരുമ്പറ തീർക്കുന്നു.
റെക്കാഡ് മാജിക്
പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നതിനു മുൻപേ സലാർ റെക്കാഡ് ആരംഭിച്ചതാണ്. ഒ.ടി.ടി റൈറ്റ്സിന് ലഭിച്ചത് 160 കോടി രൂപയാണ്.ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് ലഭിച്ചതിൽ ഏറ്റവും ഉയർന്ന തുക എന്ന റെക്കാഡുമുണ്ട്. അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലൂടെ നേടിയത് ഒരുകോടിയിൽ അധികം രൂപയും . ഇന്ത്യയിൽ മാത്രമല്ല യു.എസിലും കളക്ഷനിൽ റെക്കാഡുകൾ തിരുത്തി കുറിച്ചു. യു.എസിൽ മാത്രം 18000 ടിക്കറ്റുകളാണ് മുൻകൂറായി വിറ്റത്. റിലീസിന് മുൻപേ സലാർ നാല് കോടിക്ക് അടുത്ത് നേടി എന്ന് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുകയും ചെയ്തു.സലാർ തിരുത്തിയ ഇന്ത്യയിലെ പല കളക്ഷൻ റെക്കാഡുകളും വൈകാതെ പുറത്തുവരും.
പത്തുലക്ഷത്തിലധികം പേർ സലാർ കാണാൻ താത്പര്യം പ്രകടിപ്പിച്ച് ബുക്ക് മൈ ഷോയിൽ താത്പര്യം രേഖപ്പെടുത്തിയത് മറ്റൊരു റെക്കാഡാണ്.സാധാരണക്കാർ മാത്രമല്ല രാജ്യത്തെ താരങ്ങളും ആകാംക്ഷയോടെ കാത്തിരുന്ന മറ്റൊരു ചിത്രമില്ല എന്നതാണ് മറ്റൊരു ആകർഷണീയത. സലാറിന്റെ പാതിരാത്രിയിലെ ഫാൻസ് ഷോയ്ക്ക് ഉണ്ടാകുമെന്നും സൗജന്യമായി നൂറ് ടിക്കറ്റുകൾ താൻ നൽകുമെന്നും വാഗ്ദാനം ചെയ്ത തെലുങ്ക് യുവ താരം നിഖിൽ സിദ്ധാർത്ഥയുടെ വാക്കുകൾ വാർത്തകളിൽ ഇടം നേടുകയും ചെയ്തു.
ആരുമില്ല പകരം
പ്രശാന്ത് നീലിന്റെ മനസിൽ എപ്പോഴുംപ്രഭാസും പൃഥ്വിരാജും ആയിരുന്നു സലാറും വരധരാജ മന്നാറും.തെലുങ്കിനു അപ്പുറത്തുനിന്ന് ഒരു നടൻ വരധരാജ മന്നാറായി എത്തണമെന്ന തന്റെ ആഗ്രഹവും താത്പര്യവും പൃഥ്വിരാജ് എന്ന നടനും സംവിധായകനും നന്നായി തിരിച്ചറിഞ്ഞെന്ന് പ്രശാന്ത് നീൽ.തിരക്കഥ വായിച്ചപ്പോൾ മുതൽ കഥാപാത്രമായി മാറാൻ ശ്രമിച്ചതിന്റെ ആഴം വരധരാജ മന്നാറുടെ നോട്ടത്തിലൂടെയും ഭാവത്തിലൂടെയും തിരിച്ചറിയാൻ സാധിക്കുന്നു. വേഷത്തിൽ പോലും മാറ്രം. അഞ്ചു ഭാഷകളിൽ മന്നാർക്ക് പൃഥ്വിരാജ് ശബ്ദം നൽകി അത്ഭുതപ്പെടുത്തിയത് മാജിക്കുമായി മാറുകയും ചെയ്തു.പകരവയ്ക്കാൻ ആരുമില്ലത്ത പ്രകടനം പൃഥ്വിരാജ് നടത്തി എന്ന പ്രഭാസിന്റെ വാക്കുകൾ പൂർണമായും ഉറപ്പിക്കാൻ കഴിയും. നല്ല സുഹൃത്തുക്കൾ, ഒരു നാൾ ബദ്ധവൈരികളാവുന്നു. രണ്ട് യാത്രയിലും പ്രഭാസിനും പൃഥ്വിരാജിനും മാറാൻ കഴിഞ്ഞുവെന്ന് പ്രശാന്ത് നീലിന്റെ സംവിധാനതികവിലൂടെ പ്രേക്ഷകർക്ക് തിരിച്ചറിയാൻ കഴിയുന്നു.
പ്രഭാസിന്
100 കോടി
താരങ്ങളുടെ പ്രതിഫലവും റെക്കാഡ് സൃഷ്ടിക്കുന്നു. പ്രഭാസിന്റെ പ്രതിഫലം 100 കോടിക്ക് മുകളിലാണ്. സിനിമയുടെ ബോക്സ് ഒാഫീസ് വരുമാനത്തിന്റെ പത്തു ശതമാനം പ്രഭാസിന് സ്വന്തം.ആറുകോടിയാണ് പൃഥ്വിരാജിന്റെ പ്രതിഫലം എന്നും വാർത്തകൾ .എന്നാൽ നായികയായി എത്തിയ ശ്രുതി ഹാസൻ വാങ്ങിയത് എട്ടുകോടിയാണ്. പ്രഭാസും ശ്രുതിയും ആദ്യമായാണ് ഒരുമിക്കുന്നത്. ജഗപതി ബാബുവിന്റെ പ്രതിഫലം നാലുകോടിയും.പ്രശാന്ത് നീലിന്റെ പ്രതിഫലം എത്ര കോടി എന്നു അറിവായിട്ടില്ല. കെ.ജി എഫിന് മുൻപേ പ്രശാന്ത് നീലിന്റെ മനസിൽ സലാർ ഒാടുന്നുണ്ടെന്ന് ഹോംബാലെ ഫിലിംസ് ഉടമ വിജയ് കിരണ്ടൂറിന് അറിയാമായിരുന്നു.പ്രശാന്ത് നീലിന്റെ തിരക്കഥകളിൽ വിജയ് കിരണ്ടൂർ എന്നും വിശ്വാസം അർപ്പിക്കാറുണ്ട്.എല്ലാം വിശ്വാസങ്ങളുടെയും ആകെ തുകയാണ് സലാർ.ആ വിശ്വാത്തിലാണ് പ്രേക്ഷകർ കാത്തിരിപ്പ് തുടർന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കു ഒടുവിൽ കഴിഞ്ഞ വർഷം ഏപ്രിൽ 14ന് റിലീസ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം.
പല കാരണങ്ങളാൽ നടന്നില്ല. കഴിഞ്ഞ സെപ്തംബർ 28ന് എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഇപ്പോഴായിരുന്നു ശരിയായ സമയമെന്ന് പ്രഭാസും പ്രശാന്ത് നീലും.എല്ലാവരുടെയും കൈയൊപ്പ് പതിയുകയും ചെയ്തു.ഭുവൻ ഗൗഡയുടെ ഛായാഗ്രഹണം, രവി ബസ്രുർ സംഗീതം എല്ലാം ചേരുമ്പോഴാണ് സലാർ പൂർണമായും മാജിക്കായി മാറുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് സലാറിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഇനിയും കാത്തിരിപ്പ് തുടരുകയാണ്. എത്ര നാൾ കാത്തിരിക്കണം സലാർ രണ്ടാം ഭാഗം വരാൻ.