
തിരുവനന്തപുരം: കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന മൃഗങ്ങളെ പ്രദർശിപ്പിക്കരുതെന്നും തിരികെ കൂട്ടത്തിലേക്ക് അയയ്ക്കണമെന്നും വനം വകുപ്പിന്റെ നിർദ്ദേശം. ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുന്ന സംരക്ഷിക്കപ്പെടേണ്ട വന്യജീവികളെ കൂട്ടത്തിലേക്ക് അയയ്ക്കുന്നതിനു പകരം സംരക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി പ്രദർശിപ്പിക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.
ഒറ്റപ്പെട്ട വന്യമൃഗങ്ങളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് കഴിവതും ഒഴിവാക്കണം. സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ മുൻകൂർ അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു. പരിചരണ കേന്ദ്രത്തിൽ വന്യജീവികൾക്ക് അണുബാധ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുന്നതിന് വെറ്ററിനറി ഓഫീസറുടെ നിർദ്ദേശങ്ങൾ പാലിക്കണം.
അണുബാധയോ ആരോഗ്യപ്രശ്നങ്ങളോ ഒഴിവാക്കുന്നതിനായി പരിചരണ ചുമതലയ്ക്ക് രണ്ട് ഫീൽഡ് സ്റ്റാഫിനെ നിയോഗിച്ച് മറ്റു ഉദ്യോഗസ്ഥരുടെ സാമീപ്യം ഒഴിവാക്കണം. നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ജീവനക്കാർ പ്രവർത്തിച്ചാൽ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിൽ അറിയിച്ചു.