താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിറുത്തി 68 ലക്ഷം കവർച്ച ചെയ്ത സംഘത്തിലെ രണ്ടു പേരെ കോഴിക്കോട് റൂറൽ എസ് .പി ഡോ. അർവിന്ദ് സുകുമാർ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്ര് ചെയ്തു. എറണാകുളം കുഞ്ഞിക്കൈ കളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തു പറമ്പിൽ ഷാമോൻ (23), എന്നിവരാണ് ഇടപ്പള്ളി,കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നിന്ന് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്.
13ന് രാവിലെ എട്ടിന് ചുരം ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിൽ വച്ച് മൈസൂരിൽ നിന്നും സ്വർണം വാങ്ങിക്കുന്നതിനായി കാറിൽ വരികയായിരുന്നു മഹാരാഷ്ട്ര സ്വദേശിയും മൈസൂരിൽ താമസക്കാരനുമായ വിശാൽ ഭഗത് മട്കരി. രണ്ടു കാറുകളിലായി വന്ന കവർച്ചാ സംഘം മുമ്പിലും പിറകിലുമായി ബ്ലോക്കിട്ട് കാറിന്റെ സൈഡ് ഗ്ലാസുകൾ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു തകർത്ത് വിശാലിനെ അടിച്ചു പുറത്തേക്കിട്ട ശേഷം കാറും കാറിൽ സൂക്ഷിച്ചിരുന്ന 68ലക്ഷം രൂപയുമായി കടന്ന് കളയുകയായിരുന്നു. 15നാണ് വിശാൽ പരാതി നൽകിയത്. സിസി .ടി .വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും മറ്റ് പ്രതികളെക്കുറിച്ച് വിവരം ശേഖരിക്കുകയും ചെയ്തു. തൃശൂർ കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ കവർച്ചാ സംഘത്തിലെ ചിലരാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഷാമോൻ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ്.
സ്വർണ,കുഴൽ പ്പണ ഇടപാടുകാർ മുതൽ നഷ്ടപ്പെട്ടാൽ പരാതി നൽകില്ലെന്ന് മനസിലാക്കിയാണ് പ്രതികൾ കവർച്ച നടത്തിയത്. കവർച്ചയ്ക്ക് ഉപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കവർച്ച ചെയ്ത പണം സംഘത്തലവൻ വീതം വെയ്ക്കുന്നതിനു മുമ്പാണ് രണ്ടു പേരും പിടിയിലായത്.
പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡിവൈ. എസ്. പി ഇൻ ചാർജ് പി.പ്രമോദിന്റെ നേതൃത്വത്തിൽ താമരശ്ശേരി ഇൻസ്‌പെക്ടർ സായൂജ്കുമാർ. എ, എസ്. ഐ ജിതേഷ് കെ, എസ് , സ്‌പെഷ്യൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്,,എ .എസ്. ഐ അഷ്റഫ്. വി,,സീനിയർ സി .പി. ഒ മാരായ ജയരാജൻ പനങ്ങാട് , ജിനീഷ് ബാലുശ്ശേരി , സി .പി. ഒ മുജീബ്. എം, ജിതിൻ.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്.