k

പാർലമെന്റിൽ യുവാക്കൾ കടന്നുകയറി പുകയാക്രമണം നടത്തിയ സംഭവത്തിൽ ചർച്ചയല്ല,​ വിശദമായ അന്വേഷണമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരിക്കുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് ഈ നിലപാടെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഹിന്ദി പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് സംഭവം നടന്നുകഴിഞ്ഞ് അഞ്ചാം ദിവസം പ്രധാനമന്ത്രി പ്രതികരിച്ചത്.

അതേസമയം,​ സംഭവം നടന്ന ദിവസം മുതൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന ന‌ടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയാണ്. ചർച്ച വേണ്ട എന്ന് പ്രധാനമന്ത്രി പറഞ്ഞത്,​ ചർച്ച നടന്നാൽ സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ഒരു അവസരമായി മാത്രം പ്രതിപക്ഷം ഇത് ഉപയോഗിക്കുമെന്ന തിരിച്ചറിവിൽ നിന്നാവാം. നിർഭാഗ്യകരമായ സംഭവമാണ് പാർലമെന്റിൽ നടന്നത്. സുരക്ഷാവീഴ്ച ഉണ്ടായി എന്നതും ആർക്കും നിഷേധിക്കാനാവില്ല. അതേസമയം വിമർശനത്തിന്റെ എല്ലാ ശരങ്ങളും സർക്കാരിലേക്കു മാത്രം തിരിച്ചുവിടുന്നതും ശരിയല്ല. ചർച്ചകൊണ്ട് പ്രതീക്ഷിക്കുന്ന പ്രയോജനം ഉണ്ടാകാനിടയില്ല. അതേസമയം ഏറ്റവും പ്രധാനം ഈ സംഭവത്തിനു പിന്നിലെ വേരുകൾ മുഴുവൻ കണ്ടെത്തുക എന്നതാണ്.

ഏതാനും യുവാക്കൾ പബ്ളിസിറ്റി കിട്ടാൻ വേണ്ടി നടിച്ച നാടകമായി ഇതിനെ ലഘൂകരിച്ച് ആർക്കും കാണാനാവില്ല. അഞ്ചു പ്രതികളും ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈൽ ഫോണുകളുടെ ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ രാജസ്ഥാനിലെ കച്ചമെനിൽനിന്ന് പൊലീസ് കണ്ടെത്തിയ സ്ഥിതിക്ക് പ്രത്യേകിച്ചും. മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ലളിത് മോഹൻ മറ്റു പ്രതികളിൽ നിന്ന് ഫോണുകൾ വാങ്ങി അടിച്ചുതകർത്തതിനു ശേഷം കത്തിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളിൽ ഒരാളായ സാഗർ ശർമ്മ പുകക്കുറ്റി ഒളിപ്പിക്കാൻ പാകത്തിൽ ഷൂവിൽ മാറ്റങ്ങൾ വിരുത്തിയിരുന്നതായി അയാളുടെ മാതാവ് റാണി ശർമ്മ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിഷയം കൂടിയായതിനാൽ അന്വേഷണത്തിന്റെ എല്ലാ വിവരങ്ങളും ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാവില്ല. അക്കാര്യം തുറന്നു പറഞ്ഞുകൊണ്ട് കേന്ദ്ര ആഭ്യന്തര

മന്ത്രിക്ക് സഭയിൽ വിശദീകരണം നൽകാവുന്നതാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ എന്തെല്ലാം നടപടികളെടുത്തു എന്നത് അംഗങ്ങളെയും അതുവഴി ജനങ്ങളെയും ബോദ്ധ്യപ്പെടുത്താനും കഴിയുന്നതാണ്. വിശദീകരണത്തിന്മേൽ വിശദമായ ചർച്ച നടത്തുന്നത് സംഭവത്തിന്റെ അന്വേഷണം പോലും അട്ടിമറിക്കുന്ന നടപടികൾക്ക് ഇടയാക്കിയേക്കാം. എന്നാൽ ഈ സംഭവത്തിന്റെ മുഴുവൻ ഗൂഢാലോചനയും പുറത്തു വരേണ്ടത് അനിവാര്യമാണ്.

സേച്ഛാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച യുവാക്കൾ അക്രമത്തിലൂടെ ജനാധിപത്യത്തെയും രാജ്യത്തിന്റെ പരമാധികാരത്തെയുമാണ് വെല്ലുവിളിച്ചത്. ഇവർക്ക് മറ്റു പല പദ്ധതികളും ഉണ്ടായിരുന്നിരിക്കണം. പ്രമുഖ നേതാക്കന്മാരെ വധിക്കാൻ പോലും ഇത്തരം ഗ്രൂപ്പുകൾ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് പറയാനാവില്ല. തുടർച്ചയായി പാർലമെന്റ് സ്തംഭിപ്പിച്ചല്ല പ്രതിപക്ഷം ഈ പ്രശ്നത്തിന് പരിഹാരം തേടേണ്ടത്. അതേസമയം അന്വേഷണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ,​ സംഭവം സംബന്ധിച്ച വിശദീകരണം സഭയിൽ നൽകാൻ ആഭ്യന്തര മന്ത്രിയും ബാദ്ധ്യസ്ഥനാണ്.