
തിരുവനന്തപുരം: കാലിക്കറ്റിൽ ഗവർണർക്കെതിരായ ബാനർ പ്രതിഷേധം തലസ്ഥാനത്തെ കോളേജുകളിലേക്കും വ്യാപിപ്പിച്ച് എസ്.എഫ്.ഐ. കേരള സർവകലാശാല ആസ്ഥാനം, പാളയം യൂണിവേഴ്സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, ആർട്സ് കോളേജ്, മണക്കാട് നാഷണൽ കോളേജ്, ഗവ. ലാ കോളേജ്, ഐരാണിമുട്ടം ഗവ. ഹോമിയോ മെഡിക്കൽ കോളേജ്, തൈക്കാട് കിറ്റ്സ്, കേരള ലാ അക്കാഡമി, കാട്ടാക്കട ക്രിസ്‌ത്യൻ കോളേജ്, പെരിങ്ങമ്മല ഇക്ബാൽ കോളേജ് തുടങ്ങിയിടങ്ങളിലാണ് ബാനർ ഉയർത്തിയത്. കാലടി ശ്രീ ശങ്കര സംസ്‌കൃതി സർവകലാശാല വഞ്ചിയൂരിലെ പ്രാദേശിക കേന്ദ്രത്തിൽ ഗവർണറെ അനുകൂലിച്ച് എ.ബി.വി.പിയും ബാനർ കെട്ടി
ഇന്നലെ ഉച്ചയോടെയായിരുന്നു യൂണിവേഴ്സിറ്റി കോളേജിലെ പ്രതിഷേധം. 'സി.പിയെ വെട്ടിയ നാടാണേ" എന്നെഴുതിയ ബാനറുമായിട്ടായിരുന്നു പ്രതിഷേധം. കറുത്ത ബാനറുകളുമായെത്തിയ പ്രവർത്തകർ ഗവർണറുടെ കോലവും കത്തിച്ചു. പിന്നാലെയാണ് സർവകലാശാല ആസ്ഥാനത്തേക്ക് പ്രകടനമായെത്തി ഗേറ്റിൽ ബാനർ കെട്ടിയത്.