sivagiri-madom-gosala

വർക്കല: കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടെ നട്ടെല്ല്' എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹത് വചനങ്ങൾ ഉൾക്കൊണ്ട് ശിവഗിരി മഠം കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി നിരവധി കാര്യങ്ങളാണ് ചെയ്യുന്നത്. ഇതിൽ മികവുറ്റതാണ് ഗോശാലയുടെ പ്രവർത്തനം. ശിവഗിരി മഠത്തിലും പരിസര പ്രദേശങ്ങളിലും ശുദ്ധമായ പാൽ വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്.
പോഷകസമൃദ്ധമായ ആഹാരമാണ് ഗോശാലയിലെ പശുക്കൾക്ക് നൽകുന്നത്.ഇവയ്ക്ക് ആവശ്യമായ പുല്ല് സമീപത്ത് കൃഷി ചെയ്യുന്നുണ്ട്. മഠത്തിലെ വാഴത്തോട്ടത്തിൽ വിളപ്പെടുപ്പ് കഴിഞ്ഞശേഷം വെട്ടിമാറ്റുന്ന വാഴയിലകളും തടയും തോട്ടത്തിലെ ചക്കയും ഒക്കെ പശുക്കൾക്ക് ഭക്ഷണമായി നൽകുന്നുണ്ട്. ദിവസവും രണ്ടുനേരം പശുക്കളെ കുളിപ്പിക്കും. പുലർച്ചെ 3ഓടെയാണ് ആദ്യ കുളി. പിന്നീട് ഇവയുടെ പാൽ കറന്ന് വിതരണം ചെയ്യും. ഉച്ചയ്ക്ക് 12 ഓടെയാണ് രണ്ടാമത്തെ കുളി.

വേനൽക്കാലത്ത് പശുക്കൾക്ക് ചൂട് ഏൽക്കാതിരിക്കാൻ ഫൈബർ കോട്ട് ടിൻ ഷീറ്റ് കൊണ്ടാണ് ഗോശാലയിലെ മേൽക്കൂര നിർമ്മിച്ചിട്ടുള്ളത്. ചൂട് ക്രമാതീതമായി ഉയരുമ്പോൾ ഫാനുകളും മിസ്റ്റ്‌ സ്പ്രയറുകളും ഒരുക്കിയിട്ടുണ്ട്. വെള്ളത്തിനായി കൽത്തൂണുകളിൽ ഓട്ടോമാറ്റിക് ഡ്രിങ്കിംഗ് സിസ്റ്റവും പശുക്കിടാങ്ങൾക്ക് സ്വൈര വിഹാരത്തിനായി പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ട്.

100 പശുക്കൾ

100 ലധികം പശുക്കളാണ് ശിവഗിരി മഠത്തിന്റെ ഗോശാലയിലുള്ളത്. സ്വാമി ബോധതീർത്ഥയ്ക്കാണ് ഗോശാലയുടെ ചുമതല.

60 മീറ്റർ നീളത്തിലും 40 മീറ്റർ വീതിയിലുമാണ് ഗോശാല നിർമ്മിച്ചിട്ടുള്ളത്. ജേഴ്‌സി, സുനന്ദിനി ഹോൾസ്റ്റൈൻ-ഫ്രീഷ്യൻ എന്നീ ഇനങ്ങളിലുള്ള പശുക്കളാണ് ഇവിടെയുള്ളത്.

പ്രവാസി കൂട്ടായ്മയിൽ

പുതിയ ഗോശാല

പ്രവാസി കൂട്ടായ്മയിലൂടെ ശിവഗിരി മഠത്തിൽ പുതിയ ഒരു ഗോശാല കൂടി പണികഴിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. യു.എ.ഇ, ഒമാൻ, ബഹ്‌റൈൻ, കുവൈത്ത്‌ എന്നിവിടങ്ങളിൽനിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയിൽ ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ ഗോശാല പണിയുന്നത്. നിർമ്മാണപ്രവർത്തനങ്ങളുടെ ആദ്യ സംരംഭമെന്ന നിലയിൽ 100 പശുക്കൾക്ക് ഗോശാലയും, രണ്ടാംഘട്ടമായി പ്രവേശനകവാടവും പാലും പാലുത്പന്നങ്ങളും വിൽക്കുന്നതിനുള്ള കൗണ്ടറും മൂന്നാംഘട്ടമായി പശുക്കൾക്കു വേണ്ടിയുള്ള കുളവും നിർമ്മിക്കുന്നതാണ് പദ്ധതി.

കാലി വളർത്തൽ കൃഷിയുടെ ഭാഗമാണ്. ശിവഗിരിയിലെത്തുന്ന ഭക്തർക്ക് ഗോശാല കാണുന്നതിനുള്ള അവസരമുണ്ട്. ഒട്ടനവധി വിഷയങ്ങളിൽ മനസ് വ്യാപരിക്കുമ്പോൾ സമാധാനവും സന്തോഷവും പകരുന്ന കാഴ്ചകളാണ് ശിവഗിരി മഠം ഗോശാലയിൽ കാണാൻ കഴിയുന്നത്.

സ്വാമി ബോധതീർത്ഥ, ശിവഗിരി മഠം