
തിരുവനന്തപുരം: പൊലീസുകാരന്റെ അടിയേറ്ര് മൂക്കെല്ല് തകർന്ന കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം നസിയയെ അവഗണിച്ച് കോൺഗ്രസ് നേതൃത്വം. സംഭവം നടന്ന് ഒന്നര മാസമായിട്ടും കുറ്റക്കാരനായ പൊലീസുകാരനെ സംരക്ഷിക്കുന്ന സർക്കാർ നടപടിക്കെതിരെ ചെറുവിരലനക്കാനുള്ള ശ്രമം കോൺഗ്രസ് നേതൃത്വം നടത്തിയിട്ടില്ല. ഈ അവഗണന നസിയയെ മാത്രമല്ല കെ.എസ്.യു പ്രവർത്തകരെയും നിരാശരാക്കുന്നു.
കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നവംബർ 10 ന് പ്രതികരിച്ചിരുന്നു. വിഷയം കെ.പി.സി.സി ലീഗൽ കമ്മിറ്റി ഏറ്റെടുത്തെന്നും അദ്ദേഹം അറിയിച്ചതാണ്. എന്നാൽ , നിയമനടപടികളുമായി നീങ്ങാൻ പാർട്ടി ശ്രമിച്ചിട്ടില്ല.
സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ആശുപത്രിയിലെത്തി നസിയയുടെ മൊഴിയെടുക്കാൻ പോലും പൊലീസ് തയാറായത്. നസിയയെ ആക്രമിച്ച പൊലീസുകാരന്റെ ചിത്രം നവംബർ ഒൻപതിന് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
ഡി.ജി.പി, പൊലീസ് കംപ്ളെയിന്റ് അതോറിട്ടി, വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, മ്യൂസിയം പൊലീസ് എന്നിവർക്ക് നസിയ പരാതി നൽകിയിരുന്നു. സംഭവം അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുത്തില്ല.
ഇതിനിടെ അച്ഛന്റെ മരണത്തെ തുടർന്ന് മാനസികമായി തകർന്ന നസിയ തനിക്കേറ്റ നീതിനിഷേധത്തിലും അതീവ ദു:ഖിതയാണ്. കോട്ടയം മേലുകാവ് സ്വദേശിയായ നസി പ്ളസ് വൺ വിദ്യാർത്ഥിനിയായിരിക്കെ, സംഘടനാ പ്രവർത്തനം തുടങ്ങിയതാണ്. തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന ആരോപണത്തിൽ മന്ത്രി ആർ.ബിന്ദുവിന്റെ വീട്ടിലേക്കുള്ള മാർച്ചിൽ പങ്കെടുത്തപ്പോഴാണ് അടിയേറ്റ് മൂക്കിന് ഗുരുതരമായി പരിക്കേറ്റത്.