
ആര്യനാട്: ആര്യനാട് സി.എച്ച്.സിയിൽ ഡോക്ടർക്ക് ക്രൂര മർദ്ദനം.ഡോക്ടറെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ. ആര്യനാട് കച്ചേരിനട സുരഭില വീട്ടിൽ എസ്.അഭിജിതി (27)നെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രി 11.30 തോടെയാണ് സംഭവം.
മദ്യലഹരിയിൽ എത്തിയ മൂന്ന് യുവാക്കളിൽ അഭിജിത്താണ് ഡ്യൂട്ടിയിൽ ആയിരുന്ന എൻ.എച്ച്.എം ഡോക്ടർ ജെ.ജോയ്മോനെ മർദ്ദിച്ചത്.കൈയിൽ പരിക്കേറ്റ ചാങ്ങ സ്വദേശി അരവിന്ദിനെ ഡോക്ടറെ കാണിക്കാൻ ആശുപത്രിയിൽ എത്തിയതായിരുന്നു സുഹൃത്തുക്കളായ അഭിജിത്തും തൗഫീഖും.ഈ സമയം ഡോക്ടർ ജോയ്മോൻ കൂടെയുള്ള ഒരാൾ ഒ.പി ടിക്കറ്റ് എടുക്കാൻ നിർദേശിച്ചു.ഡോക്ടർ രോഗിയെ നോക്കണമെന്ന് മദ്യ ലഹരിയിലായിരുന്ന അഭിജിത്ത് വാശിപിടിച്ച് ഡോക്ടറുടെ കൈയിൽ പിടിക്കുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് ജോയ്മോൻ ആര്യനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയ്ക്ക് 2 മുതൽ ഒരു മണിക്കൂർ ആശുപത്രി ജീവനക്കാർ ഒ.പി ബഹിഷ്കരിച്ച് ആര്യനാട് പാലം ജംഗ്ഷൻ വരെ പ്രകടനം നടത്തി.
ഒ.പി ടിക്കറ്റ് എടുക്കാൻ പോകുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ,നഴ്സ്,അറ്റൻഡർ എന്നിവരെയും മദ്യപസംഘം അസഭ്യം വിളിച്ചു.ഇൗ സമയം മുറിവേറ്റ അരവിന്ദിനെ ഡ്രെസിംഗ് റൂമിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ ശ്രമിക്കുന്നതിനിടെ അഭിജിത് ഡോക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നു. ഡോക്ടറുടെ കഴുത്തിൽ പിടിച്ച് പിറകിലോട്ട് തള്ളി മറിച്ചിടുകയും വലത് ഷോൾടറിൽ കൈ കൊണ്ട് അടിക്കുകയും ചെയ്തു.മർദ്ദനത്തെ തുടർന്ന് തറയിൽ വീണ ഡോക്ടറുടെ കൈക്കും കാലിനും പരിക്കേറ്റു. ഡോക്ടർ വെള്ളനാട് ആശുപത്രിയിൽ ചികിത്സ തേടി.രാത്രിയിൽ തന്നെ ആര്യനാട് പൊലീസ് അഭിജിത്തിനെ സംഭവ സ്ഥലത്തുനിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നെങ്കിലും അഭിജിത്തിനെ അനുനയിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം അയിത്തി അശോകൻ,മെഡിക്കൽ ഓഫീസർ ഡോ.നെൽസൺ,ആശുപത്രി ജീവനക്കാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. ആശുപത്രിയിലെ ജീവനക്കാർക്ക് സുരക്ഷിതമായി ജോലിചെയ്യാൻ അവസരമുണ്ടാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ഡോക്ടറെ ആക്രമിച്ച കേസിൽ പിടിയിലായ അഭിജിത്തിനെ നെടുമങ്ങാട് കോടതി റിമാൻഡു ചെയ്തു.